Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നോർക കെയർ പ്രീമിയം വർധന പിൻവലിക്കണം; എംപിമാർക്കും എംഎൽഎമാർക്കും നിവേദനം നൽകി റുവി മലയാളി അസോസിയേഷൻ

28 Oct 2026 20:23 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: 2026–27 വർഷത്തേക്കുള്ള നോർക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റുവി മലയാളി അസോസിയേഷൻ (ആർഎംഎ) രംഗത്ത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാർക്കും എംഎൽഎമാർക്കും അസോസിയേഷൻ നിവേദനം നൽകി.

ഗൾഫ് മേഖലയിലെ നിലവിലെ പ്രതിസന്ധി മൂലം ശമ്പളം വൈകുക, തൊഴിൽ അനിശ്ചിതത്വം, വ്യാപാര വരുമാനത്തിലെ ഇടിവ് തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിരവധി പ്രവാസികൾ നേരിടുന്ന സാഹചര്യത്തിൽ പ്രീമിയം വർധന അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് ആർഎംഎ ചൂണ്ടിക്കാട്ടി. പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം വർധിപ്പിച്ച നടപടി മുതിർന്ന പ്രവാസികളെയും പരിമിത വരുമാനമുള്ള കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

പ്രീമിയം വർധന അടിയന്തരമായി പിൻവലിക്കുക, പ്രായാധിഷ്ഠിത പ്രീമിയം ഘടന പുനഃപരിശോധിക്കുക, പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാൻ സർക്കാർ സാമ്പത്തിക പിന്തുണ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

വിഷയം കേരള സർക്കാരിന്റെയും നോർക അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ ഇടപെടണമെന്ന് എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായും നോർക അധികൃതരുമായും കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുമായും ചർച്ച നടത്തി പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് എംപിമാരോടും അഭ്യർഥിച്ചു. സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ആർഎംഎ പ്രസിഡന്റ് ഫൈസൽ ആലുവയാണ് നിവേദനം സമർപ്പിച്ചത്. നിവേദനത്തിന്റെ പകർപ്പ് കേരള മുഖ്യമന്ത്രിക്കും നോർക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കും കേരളത്തിലെ എംഎൽഎമാർക്കും എംപിമാർക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.

മസ്‌കറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റുവി മലയാളി അസോസിയേഷന് നോർക രജിസ്ട്രേഷൻ നമ്പർ OMN/26/106 ആണ്.

Follow us on :

More in Related News