Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുചേലദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പണം ബുധനാഴ്ച്ച..

16 Dec 2025 22:20 IST

MUKUNDAN

Share News :

ഗുരുവായൂർ:കുചേലദിനത്തിൽ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയരും.നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡ ശിൽപ്പത്തിനരികെയാണ്  പുതിയ കുചേല പ്രതിമയുടെ സ്ഥാനം.ദേവസ്വം ഭരണസമിതിയുടെ ഇടപെടൽ മൂലമാണ് സമയബന്ധിതമായി പുതിയ കുചേല പ്രതിമ പൂർത്തിയാക്കാനായത്.ആറടി ഉയരത്തിൽ കരിങ്കല്ല് മാതൃകയിൽ നിർമ്മിച്ച കുചേല പ്രതിമയുടെ സമർപ്പണം ബുധനാഴ്ച്ച രാവിലെ ഒൻപതിന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിക്കും.മഞ്ജുളാൽത്തറയിലെ

ഗരുഡ ശിൽപം കാലപ്പഴക്കത്താൽ ക്ഷയിച്ചതിനെ തുടർന്ന് കഴിഞ്ഞിടെ പുതിയ വെങ്കല ഗരുഡ ശില്പം സ്ഥാപിച്ചിരുന്നു.നവീകരണ പ്രവർത്തനങ്ങൾക്കിടെ ഇവിടെയുണ്ടായിരുന്ന ജീർണിച്ച പഴയ കുചേല പ്രതിമ മാറ്റിയിരുന്നു.മഞ്ജുളാൽത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്പം വഴിപാടായി സമർപ്പിച്ച ചലച്ചിത്രനിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് പുതിയ കുചേല ശില്പവും വഴിപാടായി നിർമ്മിച്ചത്.ഉണ്ണി കാനായിയാണ് ശില്പി.കരിങ്കൽ മാതൃകയിൽ നിർമ്മിച്ച പ്രതിമ ഉന്നത നിലവാരത്തിലുള്ള സ്റ്റെയിൻ ലെസ് സ്റ്റീലും ഫൈബർ മാറ്റും റസീനും ഉപയോഗിച്ച് കാലങ്ങളോളം നിലനിൽക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.മഞ്ജുളത്തറയിലെ ഗരുഡ ശിൽപവും ഉണ്ണി കാനായി ആണ് നിർമ്മിച്ചത്.മഞ്ജുളാൽത്തറയിൽ കൈയ്യിൽ ഓലക്കുടയും വടിയും എടുത്ത് തോളിൽ വച്ച് വലത് കൈ ഇടനെഞ്ചിൽ ചേർത്ത് തോളിൽ തുണിസഞ്ചിയും അരയിൽ അവിൽ പൊതിയുമായി ഗുരുവായൂർ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകൽപ്പന.രണ്ട് മാസം കൊണ്ടാണ് ശില്പം പൂർത്തിയാക്കിയത്.ബുധനാഴ്ച്ചയാണ് കുചേല ദിനം.കുചേലൻ എന്നറിയപ്പെടുന്ന സുദാമാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്ണനെ അവിൽ പൊതിയുമായി കാണാൻ പോയതിൻ്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച്ച കുചേല ദിനമായി ആഘോഷിക്കുന്നത്.കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.

Follow us on :

More in Related News