Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: വിദ്യാർഥി സമരത്തിന് പിന്തുണയുമായി അണ്ണാമലൈ

23 Jul 2026 06:56 IST

NewsDelivery

Share News :

ചെന്നൈ: നീറ്റ് (NEET-UG) പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. നീറ്റ് പരീക്ഷയെ മുൻപ് ശക്തമായി പിന്തുണച്ചിരുന്ന അണ്ണാമലൈ, ബിജെപി വിട്ടശേഷമാണ് ഈ വിഷയത്തിൽ നിലപാട് മാറ്റിയത്.

എക്‌സ് (മുൻ ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളെ രൂക്ഷമായി വിമർശിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർന്നതായി ചൂണ്ടിക്കാട്ടിയ അണ്ണാമലൈ, രാജ്യവ്യാപകമായി ഒരേ പരീക്ഷ നടത്തുന്നതിലൂടെ തുല്യത ഉറപ്പാക്കുമെന്ന വിശ്വാസമാണ് താൻ മുമ്പ് പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കി.

എന്നാൽ, പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർന്ന സാഹചര്യത്തിൽ വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദം ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"വിദ്യാർഥികൾ അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഇത്രയും വൈകുന്നത് എന്തുകൊണ്ടാണ്? പ്രതിഷേധം രൂക്ഷമാകുന്നതുവരെ അർഥപൂർണമായ ഇടപെടൽ നടത്താതിരുന്നത് എന്തിനാണ്?" എന്ന ചോദ്യങ്ങളും അണ്ണാമലൈ ഉയർത്തി.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും പരീക്ഷാ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും രാജ്യത്ത് വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് അണ്ണാമലൈയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Follow us on :

More in Related News