Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുതിരവട്ടം പപ്പു അനുസ്മരണ സമ്മേളനവും, പുരസ്കാര സമർപ്പണവും 25ന്

22 Feb 2025 12:56 IST

Enlight Media

Share News :

കോഴിക്കോട്: പ്രേക്ഷക മനസ്സിൽ മായാതെ ഇടം പിടിച്ച അതുല്യ പ്രതിഭ കുതിരവട്ടം പപ്പു ഓർമയായിട്ട് കാൽ നൂറ്റാണ്ട്. 'വെള്ളാനകളുടെ നാട് ഇപ്പം ശരിയാക്കിത്തരാം, തേന്മാവിൻ കൊമ്പത്ത് - ടാസ്കി വിളി' എന്നീ സംഭാഷണങ്ങൾ ദൃശ്യ മാധ്യമങ്ങളിലും പ്രേക്ഷക ചുണ്ടുകളിലും ഇന്നും ദിനംപ്രതി നിറഞ്ഞു നിൽക്കുന്നു. ഇപ്പോൾ നാട്ടിൽ നടക്കുന്ന സംഭവ വികാസ വിവാദങ്ങളിൽ അദ്ദേഹത്തിന്റെ സിനിമ-നാടകങ്ങളിലെ ഡയലോഗുകളുടെ പ്രസക്തി അനുദിനം വർധിച്ചു വരുന്നു. 'അങ്ങാടി' എന്ന സിനിമയിലെ "പാവാട വേണം മേലാട വേണം" എന്ന ഗാനവും മികച്ച ചിത്രീകരണവും അനുഗ്രഹീത സംവിധായകനായ ഐ. വി. ശശി, നിർമാതാവ് പി.വി.ജി, തിരക്കഥകൃത്ത് ടി. ദാമോദരൻ മാഷ്, കുതിരവട്ടം പപ്പു ടീമിന്റെ കെമിസ്ട്രിയുടെ ഉത്തമ മാതൃകയാണ്. കേവലം ഒരു ഹാസ്യ നടനിൽ ഒതുങ്ങാതെ മികച്ച സ്വഭാവ നടനായും തിളങ്ങിയ പപ്പു നാടക-സീരിയൽ രംഗത്തും പ്രതിഭ തെളിയിച്ചിരുന്നു. കഴിഞ്ഞ 24 വർഷമായി മുടങ്ങാതെ അദ്ദേഹത്തിന്റെ അനുസ്മരണം നടത്താൻ മക്കൾ എന്ന സംഘടനക്ക് കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട് കഴിഞ്ഞ 2 വർഷമായി അദ്ദേഹത്തിന്റെ സ്മരണക്കായി കുതിരവട്ടം പപ്പു സ്മാരക പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രഥമ പുരസ്കാരം വിനോദ് കോവൂരിനും രണ്ടാമത്തെ പുരസ്കാരം പി. പ്രേംചന്ദിനും ആണ് നൽകിയത്. ഇത്തവണ വടക്കൻ വീരഗാഥ 4k, റിമാസ്റ്റർ ചെയ്ത് മുമ്പ് കണ്ടവരും കാണാത്തവരും ആയ പുതിയതും പഴയതുമായ തലമുറകളിലെ പ്രേക്ഷകർക്ക് തെളിവാർന്ന ദൃശ്യാനുഭവം നല്കാൻ അവസരം നൽകിയ പി വി ഗംഗാധരന്റെ സഹധർമ്മിണി ശ്രീമതി ഷെറിൻ ഗംഗാധരനെയാണ് (എസ് ക്യൂബ്-ഗൃഹലക്ഷ്മി സിനിമ നിർമാണ കമ്പനി) പുരസ്കാരം നൽകി ആദരിക്കുന്നത്. കുതിരവട്ടം പപ്പുവിന്റെ ചരമവാർഷിക ദിനമായ 2025 ഫെബ്രുവരി 25 ചൊവ്വാഴ്ച്‌ച വൈകീട്ട് 3 മണിക്ക് അശോകപുരത്തുള്ള കാലിക്കറ്റ് ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ വെച്ച് നടത്തുന്ന ചടങ്ങ് കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

എം ടി, ഹരിഹരൻ, പി വി ഗംഗാധരൻ ടീമിന്റെ മാസ്റ്റർ പീസ് ആയ ഒരു വടക്കൻ വീരഗാഥ സിനിമയിൽ സുരേഷ് ഗോപി കൈകാര്യം ചെയ്ത ആരോമൽ ചേകവരുടെ ചെറുപ്പകാലം അഭിനയിച്ച ഡോ. റോഷൻ ബിജിലി, സ്വാഗതസംഘം ചെയർമാൻ ഡോക്ടർ കെ മൊയ്തു, മക്കൾ സംസ്ഥാന പ്രസിഡണ്ട് ഷവലിയാർ സി ഇ ചാക്കുണ്ണി, സെക്രട്ടറിമാരായ എ ശിവശങ്കരൻ, പി ഐ അജയൻ, മലയാള മനോരമ കോർഡിനേറ്റിംഗ് എഡിറ്റർ ശ്രീ അനിൽ രാധാകൃഷ്ണൻ, കാലിക്കറ്റ് ചേമ്പർ പ്രസിഡണ്ട് വിനീഷ് വിദ്യാധരൻ, ഡോ. കുഞ്ഞമ്മ തോമസ്, പി.ആർ നാഥൻ, കമാൽ വരദൂർ, നവാസ് പൂനൂർ, കാനേഷ് പൂനൂർ, സംവിധായകരായ കെ പി സുനിൽ, ഹരിദാസ്, നാടക സീരിയൽ നടൻ ഇല്ലിക്കെട്ട് നമ്പൂതിരി, നാടക - സിനിമ നടൻ അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, അഡ്വക്കേറ്റ് എം രാജൻ, വിൽസൺ സാമുവൽ, ജയശങ്കർ പൊതുവത്ത് മറ്റു സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ കല കായിക രംഗത്തുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

പത്രസമ്മേളത്തിൽ ഡോ കെ മൊയ്തു (ചെയർമാൻ സ്വാഗതസംഘം) ഷെവലിയാർ സി. ഇ ചാക്കുണ്ണി, നവാസ് പൂനൂർ, പ്രൊഫ. ഫിലിപ്പ്. കെ. ആന്റണി, അഡ്വ. എം.കെ. അയ്യപ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News