Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2026 07:27 IST
Share News :
കോഴിക്കോട്: ഇന്ത്യയിൽ ഏകദേശം 3.5 കോടി ആളുകൾ ആസ്ത്മ ബാധിതരാണെന്നും, രോഗലക്ഷണങ്ങൾ താൽക്കാലികമായി കുറയ്ക്കുന്ന റിലീവർ ഇൻഹേലറുകളെ മാത്രം ആശ്രയിക്കാതെ രോഗത്തെ ദീർഘകാലാടിസ്ഥാനത്തിൽ നിയന്ത്രിക്കുന്ന ചികിത്സാരീതിയിലേക്ക് രോഗികൾ മാറേണ്ടതുണ്ടെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പൾമണോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. മധു കെ. പറഞ്ഞു.
ലംഗ് ഇന്ത്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ആവശ്യമായ ചികിത്സ ലഭിക്കേണ്ട ആസ്ത്മ രോഗികളിൽ 90 ശതമാനത്തോളം പേർക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്വാസനാളികളിൽ ദീർഘകാലമായി ഉണ്ടാകുന്ന വീക്കമാണ് ആസ്ത്മയ്ക്ക് കാരണമാകുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്ത സമയത്തും ഈ വീക്കം തുടരാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിൽ തന്നെ രോഗം നിയന്ത്രണവിധേയമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സ വൈകുകയോ ശരിയായ രീതിയിൽ സ്വീകരിക്കാതിരിക്കുകയോ ചെയ്താൽ രോഗം ഗുരുതരമാകാനും ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയാനും സാധ്യതയുണ്ടെന്ന് ഡോ. മധു മുന്നറിയിപ്പ് നൽകി.
ശ്വാസനാളിലെ വീക്കം നിയന്ത്രിക്കാൻ ഇൻഹേൽഡ് കോർട്ടിക്കോസ്റ്റീറോയിഡ് (ICS) അടിസ്ഥാനമാക്കിയുള്ള കൺട്രോളർ ഇൻഹേലറുകളാണ് ഏറ്റവും ഫലപ്രദമെന്ന് അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങൾ താൽക്കാലികമായി കുറയ്ക്കുന്ന റിലീവർ ഇൻഹേലറുകൾ മാത്രം ഉപയോഗിക്കുന്നത് രോഗത്തെ ദീർഘകാലം നിയന്ത്രിക്കാൻ പര്യാപ്തമല്ല എന്നും അദ്ദേഹം വിശദീകരിച്ചു.
ആസ്ത്മ ചികിത്സയിൽ റിലീവർ ഇൻഹേലറുകളെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് മാറി ICS അടിസ്ഥാനമാക്കിയുള്ള ചികിത്സ സ്വീകരിക്കണമെന്നാണ് ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA 2026) ഏറ്റവും പുതിയ മാർഗനിർദേശങ്ങളിലും ശുപാർശ ചെയ്യുന്നതെന്ന് ഡോ. മധു കൂട്ടിച്ചേർത്തു
Follow us on :
Tags:
More in Related News
Please select your location.