Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അർജുൻ ആയങ്കിക്കു പിന്നാലെ കോഴിക്കോട് ആനക്കൊമ്പ് വേട്ട; 6 പേർ പിടിയിൽ, 25 ഗുണ്ടകളും അറസ്റ്റിൽ

10 Aug 2026 15:06 IST

NewsDelivery

Share News :

കോഴിക്കോട്: അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ പോലീസ്-വനംവകുപ്പ് നടപടികൾ ശക്തമാക്കി. കക്കോടി പാലത്ത് ആനക്കൊമ്പ് വിൽപ്പനയ്ക്കിടെ ആറുപേരെ വനംവകുപ്പ് പിടികൂടി. ഇതിന് പിന്നാലെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഗുണ്ടാ, റൗഡി പട്ടികകളിൽപ്പെട്ട 25 പേരെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തു.

കക്കോടി പാലത്ത് സ്വദേശികളായ അസീൽ, മുഹമ്മദ് റിഹാൻ, താമരശ്ശേരി രാരോത്ത് സ്വദേശി പരീദ്, കോട്ടയം പാമ്പാടി സ്വദേശി വിൻസന്റ്, തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ദിൽഷാദ്, തിരുവനന്തപുരം പാച്ചിറ സ്വദേശി സുധീർ എന്നിവരാണ് ആനക്കൊമ്പ് കേസിൽ പിടിയിലായത്. ഇവരിൽനിന്ന് ആനക്കൊമ്പും വനംവകുപ്പ് പിടിച്ചെടുത്തു.

തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാലത്തെ ഒരു വീട്ടിൽ ആനക്കൊമ്പ് വിൽപ്പനയ്ക്കുള്ള ചർച്ച നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഘം വീട് വളയുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് കണ്ടെത്തി.

വയനാട്ടിൽനിന്ന് കൊണ്ടുവന്ന ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപയ്ക്ക് വിൽക്കാനാണ് സംഘം ശ്രമിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. അസീലും മുഹമ്മദ് റിഹാനും ചേർന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്നാണ് വിവരം. താമരശ്ശേരി സ്വദേശി പരീദ് ഇടനിലക്കാരനായിരുന്നുവെന്നും വനംവകുപ്പ് അറിയിച്ചു.

അഞ്ചുപേരെ വീട്ടിൽനിന്നാണ് പിടികൂടിയത്. ഇതിനിടെ കാറിൽ രക്ഷപ്പെട്ട തിരുവനന്തപുരം പാച്ചിറ സ്വദേശി സുധീറിനെ കോഴിക്കോട് പുഷ്പ ജങ്ഷനിലെ ഹോട്ടലിൽനിന്നാണ് പിടികൂടിയത്. ആനക്കൊമ്പ് കൈമാറിയതായി സംശയിക്കുന്ന വയനാട് സ്വദേശിക്കായി അന്വേഷണം തുടരുകയാണ്.

ഗുണ്ടാ പട്ടികയിലുള്ള 25 പേർ അറസ്റ്റിൽ

അതേസമയം, അർജുൻ ആയങ്കിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലും പോലീസ് പരിശോധന ശക്തമാക്കി. ക്വട്ടേഷൻ കേസുകളിലും ലഹരി ഇടപാടുകളിലും സ്വർണക്കടത്ത് കേസുകളിലും ഉൾപ്പെട്ടവരടക്കം ഗുണ്ടാ, റൗഡി പട്ടികയിലുള്ള 25 പേരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി അറസ്റ്റ് ചെയ്തത്.

‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പേരിലാണ് നടപടി. അതത് പോലീസ് സ്റ്റേഷനുകളിലെ കേസ് ഹിസ്റ്ററി പരിശോധിച്ച ശേഷമാണ് പലരെയും കസ്റ്റഡിയിലെടുത്തത്. ചിലരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ മറ്റുചിലരെ പോലീസ് നേരിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു.

അർജുൻ ആയങ്കിയുമായി ബന്ധമുള്ള ക്രിമിനൽ സംഘങ്ങളോ സൈബർ പിന്തുണക്കാരോ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രത്യേകിച്ച് വടകര മേഖലയിൽ ആയങ്കിയുമായി അടുത്ത ബന്ധമുള്ള സൈബർ പ്രവർത്തകരും ക്രിമിനൽ കേസുകളിൽ പ്രതികളായവരുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം തുടരുകയാണ്.

അർജുൻ ആയങ്കിക്കായി സംസ്ഥാനവ്യാപകമായി പോലീസ് തിരച്ചിൽ ശക്തമാക്കിയ സാഹചര്യത്തിലാണ് കോഴിക്കോട്ടെ നടപടികളും കൂടുതൽ ഊർജിതമാക്കിയിരിക്കുന്നത്.

Enlight Snaps

ക്കോടിയിൽ എത്ര പേരെയാണ് ആനക്കൊമ്പ് വിൽപ്പന കേസിൽ പിടികൂടിയത്?

ആറുപേരെയാണ് വനംവകുപ്പ് പിടികൂടിയത്.

ആനക്കൊമ്പ് എത്ര രൂപയ്ക്കാണ് വിൽക്കാൻ ശ്രമിച്ചത്?

അഞ്ച് ലക്ഷം രൂപയ്ക്കാണ് ഇടപാട് നടത്താൻ തീരുമാനിച്ചതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.

ആനക്കൊമ്പ് എവിടെ നിന്നാണ് കൊണ്ടുവന്നത്?

വയനാട്ടിൽ നിന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം.

കോഴിക്കോട്ട് ഓപ്പറേഷൻ ഗ്രിപ്പിൽ എത്ര പേർ അറസ്റ്റിലായി?

ഗുണ്ടാ, റൗഡി പട്ടികയിലുള്ള 25 പേരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തത്.

പോലീസ് അന്വേഷണം എന്തിലാണ് കേന്ദ്രീകരിക്കുന്നത്?

അർജുൻ ആയങ്കിയുമായി ബന്ധമുള്ള ക്രിമിനൽ സംഘങ്ങളോ സൈബർ പിന്തുണക്കാരോ കോഴിക്കോട്ട് ഉണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

Follow us on :

More in Related News