Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 19:20 IST
Share News :
മസ്‌കറ്റ്: ഗൾഫ് രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന പ്രവാസികൾ നേരിടുന്ന വിസാ തട്ടിപ്പുകളും മനുഷ്യക്കടത്തും സെക്സ് റാക്കറ്റുകളും പ്രമേയമാക്കി ഒമാൻ പ്രവാസികൾ ഒരുക്കിയ ‘സിഗ്നൽ’ എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. മസ്‌കറ്റിലെ സിറ്റി സെന്റർ വോക്സ് സിനിമയിലാണ് 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രദർശനം നടന്നത്.
ഗൾഫ് മേഖലകളിൽ ജോലി വാഗ്ദാനം ചെയ്ത് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിവിധതരം തട്ടിപ്പ് ശൃംഖലകളുടെ വ്യാപ്തിയും അതിൽ അകപ്പെടുന്നവരുടെ ദുരിത ജീവിതവുമാണ് ചിത്രം അവതരിപ്പിക്കുന്നത്. സാങ്കേതിക സംവിധാനങ്ങൾ ഏറെ പുരോഗമിച്ചിട്ടും ഇത്തരം തട്ടിപ്പുകളിൽ നിരവധി പേർ അകപ്പെടുന്ന സാഹചര്യത്തിൽ, മനുഷ്യക്കടത്തിന്റെയും മറ്റ് ചൂഷണങ്ങളുടെയും ഇരകളാകുന്നവരുടെ ജീവിതത്തിലേക്ക് ചിത്രം ശ്രദ്ധ ക്ഷണിക്കുന്നു.
“പ്രവാസലോകത്ത് പ്രവാസികൾ തന്നെ ഒരുക്കുന്ന ചതിക്കുഴികളുടെ വ്യാപ്തി വളരെ വലുതാണ്. ഇത്തരം സംഭവങ്ങളെക്കുറിച്ച് സമൂഹം കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്,” സിഗ്നലിന്റെ കഥയും സംവിധാനവും നിർവഹിച്ച റിയാസ് വലിയകത്ത് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികളും ജീവിതത്തിലെ പ്രയാസങ്ങളും മറികടക്കുന്നതിനാണ് പലരും പ്രവാസം തിരഞ്ഞെടുക്കുന്നത്. എന്നാൽ, അത്തരം സാഹചര്യങ്ങളെ മുതലെടുത്ത് പ്രത്യേകിച്ച് വനിതകളെ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും കടത്തിക്കൊണ്ടുപോയി ദുരിതജീവിതത്തിലേക്ക് തള്ളിവിടുന്ന റാക്കറ്റുകൾക്കെതിരെ ജാഗ്രത അനിവാര്യമാണെന്ന് ചിത്രം ഓർമിപ്പിക്കുന്നു.
ഇന്ത്യൻ എംബസികളിൽ സഹായം തേടിയെത്തുന്നവരിൽ നിരാലംബരായ സ്ത്രീകളുടെ എണ്ണവും ഏറെയാണ്. സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിലൂടെ നിരവധി പേരെ ദുരിതജീവിതത്തിൽനിന്ന് മോചിപ്പിച്ച് നാട്ടിലെത്തിച്ചിട്ടുമുണ്ട്. ഈ യാഥാർഥ്യങ്ങളിലേക്കും ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കുന്നു.
പ്രകാശ് വിജയന്റെ തിരക്കഥയിൽ അന്നാ പ്രൊഡക്ഷൻസും ആർ ഫോർ യു മീഡിയയും ചേർന്നാണ് ‘സിഗ്നൽ’ നിർമ്മിച്ചത്. ജോസ് ചാക്കോ, കിരൺ ലക്ഷ്മി, സവിത ഷണ്മുഖം, പ്രകാശ് വിജയൻ, അനു നാരീഷ്, സിറാജ് കാക്കൂർ, ലിജിത് കാവാലം തുടങ്ങി ഇരുപത്തിയഞ്ചോളം കലാകാരന്മാർ ചിത്രത്തിൽ വേഷമിട്ടു.
അനന്തു മഹേഷാണ് സംഗീതം നിർവഹിച്ചത്. വിപിൻ എറണാകുളം എഡിറ്റിംഗും അമൽ രാജ് എഫക്ട്സും നിർവഹിച്ചു. ഗാനരചന അക്ബർ താന്ന്യവും സഹസംവിധാനം നിഖിൽ ജേക്കബും നിർവഹിച്ചു. കഥ, ക്യാമറ, സംവിധാനം എന്നിവ റിയാസ് വലിയകത്ത് നിർവഹിച്ചു.
Follow us on :
Tags:
Please select your location.