Thu Jun 19, 2025 2:12 PM 1ST
Location
Sign In
02 Apr 2025 21:49 IST
Share News :
പുളിക്കല്‍: തരിശ് നിലത്ത് വിത്തിറക്കി നൂറുമേനി വിളവെടുത്ത് ജിഫ്ബി കാമ്പസ്. പുളിക്കലില്‍ കാഴ്ചപരിമിതരുടെ പഠനകേന്ദ്രമായ ജിഫ്ബി കാമ്പസാണ് തരിശായിക്കിടന്നിരുന്ന കുന്നിന് മുകളില്‍ കൊണ്ടോട്ടി ബ്ലോക്ക് കൃഷി വകുപ്പിന്റെ പ്രൊജക്ട് ബെയ്‌സ് കള്‍ട്ടിവേഷന്‍ പദ്ധതിയില്‍ പുളിക്കല്‍ കൃഷിഭവന്റെ സഹകരണത്തോടെ വിത്തിറക്കി വിളവെടുക്കുന്നത്.
കാമ്പസില്‍ പഠിക്കുന്ന കാഴ്ചപരിമിതരായവർക്ക് കൃഷി പരിചയപ്പെടുത്തുന്നതിനും വിവിധ പച്ചക്കറി ചെടികള്‍, ഇലകള്‍, പൂക്കള്‍, കായ്ഫലങ്ങള്‍, ഇവയുടെ ആകൃതി, ഗന്ധം, വലിപ്പം, രുചി എന്നിവ തൊട്ടറിയുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കിയത്.
വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും ജൈവ വളപ്രയോഗമാണ് തുടര്‍ന്നുപോരുന്നത്. ചാണകപ്പൊടി, കോഴിവളം, പച്ചചാണകം, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. വെള്ളം എല്ലാ ചെടികള്‍ക്കും ലഭിക്കുന്നതിന് തുള്ളി നനയ്ക്ക് ട്രിപ്പ് ഇറിഗേഷന്‍ പദ്ധതിയാണ് സ്വീകരിച്ചിരിക്കുന്നത്.
രണ്ടര മാസത്തെ പരിചരണത്തില്‍ തക്കാളി, മുളക്, വെണ്ട, മത്തന്‍, പയര്‍, വെള്ളരി, കുമ്പളം, വിവിധയിനം ചീരകളും വിളയിച്ചെടുക്കാന്‍ സാധിച്ചു. സ്ഥാപനത്തിലെ ആവശ്യങ്ങള്‍ക്ക് പുറമെ പ്രദേശത്തുകാര്‍ക്ക് തോട്ടത്തില്‍ വന്ന് നേരിട്ട് പറിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ദിവസേന ശരാശരി 20 കിലോ തക്കാളി, 10 കിലോ വെണ്ട, 5 കിലോ മുളക് എന്നിവ വിളവെടുക്കുന്നു. കൂടാതെ 15 കിലോയിലധികം തൂക്കം വരുന്ന ധാരാളം മത്തനും പാകമായിരിക്കുന്നുണ്ട്.
രൂക്ഷമായ വന്യജീവി ശല്യം കാരണം തോട്ടം മൊത്തത്തില്‍ വലവിരിച്ച് സംരക്ഷണം ഒരുക്കിയാണ് കൃഷി പരിചരിച്ചുവരുന്നതെന്ന് കാഴ്ചപരിമതരോടൊപ്പം കൃഷിക്ക് നേതൃത്വം നല്‍കുന്ന നൗഫല്‍ വളപ്പന്‍, പി.വി. ഹസ്സന്‍സിദ്ധീഖ് ബാബു, സക്കീര്‍ കെ.സി, ടി.പി. കരീം, ബഷീര്‍ പറവൂര്‍, ഗഫൂര്‍ എസ്.ആര്‍ എന്നിവര്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.