Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 17:45 IST
Share News :
വൈക്കം: സ്വാതന്ത്ര്യ സമരസേനാനി, വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, എംഎൽഎ, ചെത്തുതൊഴിലാളി യൂണിയൻ സ്ഥാപക നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച സി.കെ.വിശ്വനാഥൻ്റെ സ്‌മരണാർത്ഥം ചെത്ത് തൊഴിലാളി യൂണിയൻ (എഐടിയുസി)ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ അവാർഡ് മഹാത്മാഗാന്ധിയുടെ പൗത്രനും പ്രസിദ്ധ പ്രഭാഷകനും സമൂഹ്യപ്രവർത്തകനുമായ തുഷാർ ഗാന്ധിക്ക്.ഡിസംബർ 24 ന് രാവിലെ 10 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (എഐടിയുസി) പ്രസിഡൻ്റ് അഡ്വ. വി.ബി ബിനു, ജനറൽ സെക്രട്ടറി ടി.എൻ രമേശൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.1922ൽ വൈക്കത്ത് ജനിച്ച സി.കെ വിശ്വനാഥന് സാമ്പത്തിക പ്രയാസങ്ങൾമൂലം കൗമാര പ്രായത്തിൽ തന്നെ തൊഴിലിൽ ഏർപ്പെടേണ്ടി വന്നു. സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്നു പ്രവർത്തിച്ചു. 1948 ൽ വൈക്കത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ പ്രഥമ സെക്രട്ടറിയായി. ഒട്ടേറെ ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്നതിന് നേത്യത്വം നൽകി. ചെത്തുതൊഴി യൂണിയന്റെ സ്ഥാപക നേതാവും പ്രസിഡൻറുമായിരുന്നു. ഐതിഹാസികമായ ഒട്ടേറെ തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകി. പാർട്ടി നിരോധിച്ച സന്ദർഭത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ദീർഘകാലത്തെ ജയിൽവാസവും ലോക്കപ്പ് മർദ്ദനവും അനുഭവിച്ചു. വൈക്കത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് എംഎൽഎയായിരുന്നു. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായും, ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. എഐടിയുസിയുടെ സംസ്ഥാന നേതാക്കളിൽ പ്രമുഖനായിരുന്നു. ചെത്തുതൊഴിലാളി ഫെഡറേഷൻ രൂപീകരണം മുതൽ അതിന്റെ നേതാക്കളിൽ മുഖ്യസ്ഥാനം വഹിച്ചിരുന്നു. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും താൽപര്യങ്ങൾക്കു വേണ്ടി സ്വയം സമർപ്പിതമായ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. ഉജ്വല വിപ്ലവകാരി സി.കെ വിശ്വനാഥൻ്റെ പേരിലുള അവാർഡ് നേടുന്ന തുഷാർ ഗാന്ധി ഇന്ത്യയിൽ ഇന്ന് വളരെ ശ്രദ്ധേയനായ പ്രഭാഷകനും തികഞ്ഞ മതേതരവാദിയുമാണ്. മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ സന്ദർഭത്തിൽ സന്ധി സംഭാഷണത്തിനായി ഇണ്ടംതുരുത്തി മനയിലെത്തി. ഗാന്ധിജിയെ മനയിൽ പ്രവേശിപ്പിക്കാതെ പുറത്തിരുത്തിയ ആ സ്ഥലത്താണ് അദ്ദേഹത്തിന്റെ ചെറുമകന് ഹൃദ്യമായ സ്വീകരണം നൽകുന്നത് എന്ന പ്രത്യേകത ഈ അവാർഡ് ദാന ചടങ്ങിനുണ്ട്.
ചെത്തുതൊഴിലാളി വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് വിതരണം ഇതോടനുബന്ധിച്ച് നടത്തും. യൂണിയൻ പ്രസിഡൻ്റ് അഡ്വ. വി.ബി. ബിനുവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കേരളത്തിൻ്റെ വിപ്ലവഗായിക പി.കെ മേദിനി അവാർഡ് സമ്മാനിക്കും. അവാർഡ് സ്വീകരിച്ചുകൊണ്ട് തുഷാർഗാന്ധി പ്രഭാഷണം നടത്തും. കെ.പി രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ, സി.കെ ആശ എംഎൽഎ. അഡ്വ. വി.കെ സന്തോഷ് കുമാർ, ആർ.സുശീലൻ, ജോൺ വി.ജോസഫ്, ടി.എൻ രമേശൻ, എം.ഡി ബാബുരാജ്, പി.ജി ത്രിഗുണസൈൻ, സാബു പി.മണലൊടി, കെ.ഡി വിശ്വനാഥൻ, ജെയിംസ് തോമസ്, പി.എസ് പുഷ്‌കരൻ, നന്ദു ജോസഫ്, ബി.രാജേന്ദ്രൻ, കെ എ രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും.
Follow us on :
Tags:
More in Related News
Please select your location.