Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഎഇയിലെ ഫുജൈറയിൽ വാഹനാപകടം: മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

12 Nov 2026 12:53 IST

ENLIGHT MEDIA OMAN

Share News :

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ മൂന്ന് മലയാളികൾ മരിച്ചു. വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.

ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തിവരുന്ന സിദ്ദീഖിന്റെ കുടുംബാംഗങ്ങൾ യു.എ.ഇ സന്ദർശനത്തിനെത്തിയതായിരുന്നു. കുടുംബത്തിലെ ഏഴ് പേർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഫുജൈറ കോടതിക്ക് സമീപമാണ് അപകടം നടന്നതെന്നാണ് വിവരം.

ഇരുപത്തൊന്നുകാരായ അസ്മിലും മിസ്നയും ഇരട്ട സഹോദരങ്ങളാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഫായിസിന്റെ മരണവും നാടിനെ കണ്ണീരിലാഴ്ത്തി.

നവംബർ 12 വ്യാഴാഴ്ച പുലർച്ചെ ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ട്രക്കും നിരവധി വാഹനങ്ങളും ഉൾപ്പെട്ട ഗുരുതര അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫുജൈറ പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ ഉടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്തെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Follow us on :

More in Related News