Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 08:06 IST
Share News :
സലാല: സലാലയിൽനിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ തുടർച്ചയായി റദ്ദാക്കുകയും, വെട്ടിച്ചുരുക്കുകയും ചെയ്യുന്നതിനെതിരെ സലാല കെ.എം.സി.സി പ്രതിഷേധിച്ചു. വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും എയർ ഇന്ത്യ എക്സ്പ്രസ് ഉന്നതാധികാരികൾക്കും സംഘടന അടിയന്തര നിവേദനം നൽകി.
മാസങ്ങളോളം നിർത്തിവെച്ചിരുന്ന സർവീസുകൾ പ്രവാസി സമൂഹത്തിന്റെ നിരന്തര ഇടപെടലുകളെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പുനരാരംഭിച്ചത്. എന്നാൽ സർവീസുകൾ വീണ്ടും റദ്ദാക്കുന്ന നടപടി യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുകയാണെന്ന് കെ.എം.സി.സി ആരോപിച്ചു. ഇതിനകം നാലോളം വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായും സംഘടന ചൂണ്ടിക്കാട്ടി.
യാത്രക്കാരിൽനിന്ന് ടിക്കറ്റ് ബുക്കിങ് സ്വീകരിച്ചശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാനങ്ങൾ റദ്ദാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് നിവേദനത്തിൽ വ്യക്തമാക്കി. കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകളെയാണ് ഈ അനിശ്ചിതത്വം ബാധിച്ചിരിക്കുന്നത്. ദോഫാർ മേഖലയിലെ പതിനായിരക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്ന വിമാന സർവീസുകളോടുള്ള അവഗണനയാണിതെന്നും സംഘടന ആരോപിച്ചു.
നാട്ടിൽ മരണമോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടാകുമ്പോൾ വേഗത്തിൽ എത്തിച്ചേരാൻ പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ നേരിട്ടുള്ള സർവീസുകളെയാണ്. വിമാനങ്ങൾ റദ്ദാക്കുന്നതോടെ ആയിരത്തിലധികം കിലോമീറ്റർ അകലെയുള്ള മസ്‌കത്ത് വഴി യാത്ര ചെയ്യേണ്ടിവരുന്നത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയ്ക്കും ശാരീരിക പ്രയാസങ്ങൾക്കും കാരണമാകുന്നു. രോഗികൾക്കും കുടുംബങ്ങൾക്കും ഇത്തരം സാഹചര്യങ്ങൾ കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നതെന്നും കെ.എം.സി.സി ചൂണ്ടിക്കാട്ടി.
കേരളത്തിലേക്കുള്ള വിമാന സർവീസുകൾ തടസ്സപ്പെടുത്തുന്ന നടപടികളിൽനിന്ന് അധികൃതർ പിന്മാറണമെന്നും നിലവിലുള്ള സർവീസുകൾ തടസ്സമില്ലാതെ സമയബന്ധിതമായി നടത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റയും ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.