Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 19:11 IST
Share News :
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ദാർസൈറ്റിൽ പുതുതായി സജ്ജീകരിച്ച കായിക മൈതാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ നടന്നു. നവംബർ 9ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പീസെ പുതിയ കായിക മൈതാനം ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. സ്കൂൾ സമൂഹത്തിന്റെ ദീർഘകാല സ്വപ്നമാണ് ഇതോടെ യാഥാർഥ്യമായത്.
ഇന്ത്യൻ സ്കൂൾസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ശാലിമാർ മൊയ്തീൻ, ബോർഡ് അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ച മുൻകാല നേതാക്കളെയും നിലവിലെ ഭരണസമിതിയെയും അംബാസഡർ അഭിനന്ദിച്ചു. പുതിയ കായികമൈതാനം വിദ്യാർത്ഥികൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒമാൻ, ഇന്ത്യ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം ചെയ്തും കായിക പതാക ഉയർത്തിയുമാണ് മൈതാനം ഔദ്യോഗികമായി തുറന്നത്. തുടർന്ന് ബാപ്പു, സി.വി. രാമൻ, ടാഗോർ, വിവേകാനന്ദ ഹൗസുകളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റും ദീപശിഖാ പ്രയാണവും ശ്രദ്ധേയമായി.
ഒമാൻ ദേശീയ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ മുസാഫർ നാസിർ ശിരാൽക്കറുടെ സാന്നിധ്യത്തിൽ സ്കൂളിന്റെ 34-ാമത് വാർഷിക കായികമേളയ്ക്കും തുടക്കമായി. വിദ്യാർത്ഥികളുടെ വിവിധ കായിക മത്സരങ്ങൾക്കൊപ്പം കരാട്ടെ, തായ്‌ക്വാണ്ടോ, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇനങ്ങളിലെ പ്രകടനങ്ങളും അരങ്ങേറി.
മാർച്ച് പാസ്റ്റിൽ സി.വി. രാമൻ ഹൗസ് ഒന്നാം സ്ഥാനം നേടിയപ്പോൾ വിവേകാനന്ദ ഹൗസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിവിധ ദേശീയതല മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
വിദ്യാർത്ഥികളുടെ കായികശേഷി വളർത്തുന്നതിനും സർവതോന്മുഖമായ വ്യക്തിത്വ വികസനത്തിനും പുതിയ കായിക മൈതാനം വലിയ മുതൽക്കൂട്ടാകുമെന്നാണ് സ്കൂൾ അധികൃതരുടെ പ്രതീക്ഷ.
Follow us on :
Tags:
More in Related News
Please select your location.