Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹബീബിൻ്റെ വിയോഗത്തിന് മൂന്നരപ്പതിറ്റാണ്ട്

23 Jul 2025 09:46 IST

NewsDelivery

Share News :


എം.എസ്.എഫ്. എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ പ്രവർത്തനവും പ്രയത്നവും കൊണ്ട് മറ്റേതൊരു മുഖ്യധാരാ വിദ്യാർത്ഥി പ്രസ്ഥാനത്തെയും പോലെ ജനഹൃദയങ്ങളിൽ സ്വീകാര്യത ഉണ്ടാക്കിയ പ്രതിഭാധരനും പ്രഗത്ഭനുമായ നേതാവായിരുന്നു അഡ്വ: പി. ഹബീബ് റഹ്മാൻ സാഹിബ്.


ചെറിയ കാലം മാത്രം ജീവിച്ച്, വലിയ കാര്യങ്ങൾ ധാരാളം ചെയ്ത് ഇനിയുമൊരുപാട് ചെയ്യാൻ ബാക്കി വെച്ച് കർമ്മ ഭൂമിയിൽ തന്നെ മൃത്യു വരിച്ച ഹബീബ് റഹ്മാൻ സാഹിബ്, തുച്ഛമായ മുപ്പത്തേഴ് വർഷം മാത്രമാണ് ജീവിച്ചതെങ്കിലും ഒരു നൂറ്റാണ്ട് കാലം ജീവിച്ചവർ ചെയ്തു തീർത്തതിനേക്കാൾ കൂടുതൽ മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിനും മുസ്ലിം സമുദായത്തിനും വേണ്ടി ചെയ്തു കൊണ്ടാണ് ഈ ലോകത്ത് നിന്നും വിട പറഞ്ഞത്.


സി.എച്ച്. മുഹമ്മദ് കോയ സാഹിബിന് ശേഷം മുസ്ലിം ലീഗിലെ വിദ്യാർത്ഥി, യുവജന പ്രവർത്തകർ ഇത്രയധികം ഹൃദയത്തിൽ കൊണ്ടു നടന്ന നേതാവ് അഡ്വ: പി. ഹബീബ് റഹ്മാൻ മാത്രമായിരിക്കും എന്നാണ് എൻ്റെ പക്ഷം. ഇവരിൽ അത്രക്കും സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനായി എന്നത് വസ്തുതയാണ്.


മലപ്പുറം ജില്ലയെ അനുസ്മരിപ്പിക്കുന്ന വിധം മുസ്ലിം ലീഗിൻ്റെ സുശക്തമായ സംഘടനാ സംവിധാനമുള്ള പ്രദേശമാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്. ആധുനിക വിദ്യാഭ്യാസവും ആധുനിക രാഷ്ട്രീയവും ഇന്ത്യയിലെ മുസ്ലിംകൾക്ക് പരിചയപ്പെടുത്തിക്കൊടുത്ത നവോത്ഥാന നായകൻ സർ സയ്യിദ് അഹമ്മദ് ഖാൻ്റെ പേരിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ സർ സയ്യിദ് കോളജിൻ്റെ മാധുര്യമൂറുന്ന മണിമുറ്റത്ത് വളർന്ന്, കോഴിക്കോട് എം.ഇ.എസ്. ന്റെ 102 -ാം നമ്പർ ഹോസ്റ്റൽ മുറിയിൽ നിന്നും ചരിത്രം രചിച്ച ആത്മസമർപ്പണത്തിൻ്റെ ആൾരൂപമായിരുനു അഡ്വ: ഹബീബ് റഹ്മാൻ.


ഒരിക്കൽ എം.എസ്.എഫിൻ്റെ ഒരു പരിപാടിയുടെ ഭാഗമായി നോട്ടീസ് അടിക്കാൻ പണമില്ലാതെ വന്നു. അഡ്വാൻസായി കുറച്ച് തുക പ്രസ്സിൽ കൊടുക്കണം. ഹബീബ് സാഹിബ് നേരെ സംസ്ഥാന മുസ്ലിം ലീഗ് ഓഫീസിൽ ചെന്നു സെക്രട്ടരിയായിരുന്ന ബി.വി. അബ്ദുല്ലക്കോയ സാഹിബിനോട് കാര്യം പറഞ്ഞു. അദ്ദേഹം അഡ്വാൻസ് കൊടുക്കാനുള്ള തുക നൽകി. പരിപാടിയൊക്കെ കഴിഞ്ഞ് കണക്കൊക്കെ അവതരിപ്പിച്ചതിന് ശേഷം അഡ്വാൻസ് കൊടുക്കാൻ ബി.വി. നൽകിയ തുകയുമായി ഹബീബ് ലീഗ് ഓഫീസിലെത്തി. പൊതുവെ കണക്കെഴുത്തിൽ കണിശത പുലർത്തുന്ന ബി.വി.ക്ക് ഏറെ സന്തോഷമായി. ഇതുപോലുള്ള ചെറുപ്പക്കാർ നമ്മുടെ പാർട്ടിക്ക് മുതൽക്കൂട്ടാണെന്ന് അടുത്തുള്ളവരോട് പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തിൽ ഹബീബിനെ ഏറെ അഭിനന്ദിക്കുകയും ചെയ്തു.


തളിപ്പറമ്പിലെ ഒരു സാധാരണ കുടുംബത്തിൽ 1953 ജനുവരി 27 നാണ് ഹബീബ് റഹ്മാൻ ജനിച്ചത്. ചെറു പ്രായത്തിൽ തന്നെ തളിപ്പറമ്പ താലൂക്ക് എം.എസ്.എഫ്. ജനറൽ സെക്രട്ടരി പദം അദ്ദേഹത്തെ തേടിയെത്തി. 1978 ലാണ് അദ്ദേഹം എം.എസ്.എഫിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടരിയാവുന്നത് 1979 ൽ അദ്ദേഹം എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പദവിയിലുമെത്തി. വിദ്യാർത്ഥിത്വത്തിൻ്റെ മഹിമയും വിദ്യാഭ്യാസത്തിൻ്റെ മഹത്വവും വിശിഷ്യാ മുസ്ലിം വിദ്യാർത്ഥികളെ സദാ ഉദ്ബോധിപ്പിച്ച മഹാനായ സി.എച്ച്. മുഹമ്മദ്‌ കോയ സാഹിബ്‌, കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ വർഷം കൂടിയായിരുന്നു അത്. ഹബീബിൻ്റെ പ്രവർത്തന മികവ് തന്നെയാവണം രണ്ടാമതൊരിക്കൽ കൂടി അദ്ദേഹത്തെ എം.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പദവിയിലെത്തിച്ചു. അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണിത്.


എം.എസ്.എഫിൻ്റെ എക്കാലത്തെയും പ്രവർത്തന പാതയിൽ സുവർണ്ണ ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന കാലമായിരുന്നു അത്. വശ്യമായ വാഗ്ധോരണിയോ കേമമായ പ്രസംഗങ്ങളോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിൻ്റെ സവിശേഷത. കൃത്യവും പക്വവുമായ സംഘടനാ കരു നീക്കങ്ങളും, അസാമാന്യ നയ തന്ത്രജ്ഞതയും അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു.


ഹബീബ് റഹ്മാൻ സാഹിബിന്റെ മുന്നിലുള്ള പാത ദുർഘടമായിരുന്നു. എങ്കിലും വെട്ടിപ്പിടിച്ചു. എം.എസ്.എഫ്. എന്ന് പറയുന്നത് ഒരു കുറച്ചിലായി കണ്ടിരുന്നവരിലും, എം.എസ്.എഫ്. കാരെ പരിഹസിച്ചിരുന്നവരിലും എം.എസ്.എഫിനെ ഒരു വികാരമായി കൊണ്ടു വരാൻ ഹബീബ് സാഹിബിന് സാധിച്ചു.

കേരളത്തിലെ പ്രധാന കലാലയങ്ങളിലെല്ലാം സംഘടക്ക് വേരോട്ടമുണ്ടാക്കി. സർവ്വകലാശാലാ ഭരണ സാരഥ്യത്തിലേക്ക് എം.എസ്.എഫുകാരെ എത്തിക്കുന്നതിലും അദ്ദേഹത്തിൻ്റെ ദീർഗ്ഗ ദർശനത്തോടെയുള്ള പ്രവർത്തനങ്ങൾക്കായി എന്നതും വിസ്മരിക്കാൻ പറ്റുന്നതല്ല.


ഹബീബ് റഹ്മാൻ്റെ പ്രവർത്തന മികവിൻ്റെ അംഗീകാരമായി മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് അദ്ദേഹത്തിന് ബോംബെയിൽ ഒരു സ്വീകരണം നൽകുകയുണ്ടായി. പ്രസ്തുത പരിപാടിക്കുള്ള ക്ഷണക്കത്ത്, പിന്നീട് മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷ പദവിയിലിരുന്ന പ്രഗത്ഭനായ ജി.എം. ബനാത്ത് വാല സാഹിബ് തൻ്റെ കൈപ്പടയിൽ എഴുതിയിട്ടായിരുന്നു അയച്ചത്. ഇതിന് ശേഷം ഇരുവരുടെയും ആത്മബന്ധം വളരെ വലുതായിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ ഉജ്ജ്വലമായൊരു മുസ്ലിം ലീഗ് സമ്മേളനം നടക്കുകയുണ്ടായി. അതിലെ പ്രധാന ആകർഷകം ബനാത്ത് വാലസാഹിബായിരുന്നു. മുഖ്യ സംഘാടകൻ ഹബീബ് റഹ്മാൻ സാഹിബും.


കേരളത്തിൽ ആദ്യവും അവസാനവുമായി നടന്നൊരു പ്രാദേശിക തെരെഞ്ഞെടുപ്പായിരുന്നു 1990 ൽ ഇ.കെ. നായനാരുടെ ഭരണത്തിൽ നടന്ന ജില്ലാ കൗൺസിൽ തെരെഞ്ഞെടുപ്പ്. ഭരണത്തിൻ്റെ തണലിൽ അശാസ്ത്രീയമായ ഡിവിഷൻ വിഭജനമായിരുന്നു സർക്കാർ അനുകൂല ഉദ്യാഗസ്ഥർ നടത്തിയിരുന്നത്. അതിനെതിരെ പരാതികൾ ധാരാളം വന്നു.


1990 ജൂലൈ 19 വെള്ളിയാഴ്ചയായിന്നു കണ്ണൂർ കലക്ട്രേറ്റിൽ പരാതിയിന്മേലുള്ള വിചാരണ നടന്നത്. അതിൽ മുസ്ലിം ലീഗിൻ്റെ വാദം അധികാരികളുടെ മുന്നിൽ സമർപ്പിക്കാൻ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ചുമതലപ്പെടുത്തിയ ഒരാൾ അഡ്വ: പി. ഹബീബ് റഹ്മാൻ എന്ന യൂത്ത്‌ ലീഗ് ജില്ലാ നേതാവിനെയായിരുന്നു.


കണ്ണൂരിൽ ഹിയറിംഗ് കഴിഞ്ഞ് സ്വദേശമായ തളിപ്പറമ്പിലേക്കുള്ള യാത്രാമധ്യേ, വളപട്ടണം മന്ന ഹൈവേയിൽ വെച്ച് ചെറിയ ചാറ്റൽ മഴയുടെ അസ്വസ്ഥതക്കിടെ താൻ ഓടിച്ചിരുന്ന സ്കൂട്ടറിനെ എതിരെ വന്ന ടെമ്പോ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഹബീബിൻ്റെ തലയിലാണ് ക്ഷതമേറ്റത്. അബോധാവസ്ഥയിലായ അദ്ദേഹത്തെ കണ്ണൂർ ജില്ല ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ ഭിഷഗ്വരന്മാരുടെ കഠിന പ്രയത്നത്തിനും ഹബീബിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല.


നാല് ദിവസത്തിന് ശേഷം 1990 ജൂലൈ 23 ചൊവ്വാഴ്ച ഹബീബ് റഹ്മാൻ എന്ന നിസ്വാർത്ഥനായ നേതാവ് എന്നെന്നേക്കുമായി യാത്ര പറഞ്ഞു.

Follow us on :

More in Related News