Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2025 06:28 IST
Share News :
ആലപ്പുഴ
ജീവരക്തത്താൽ സമരേതിഹാസങ്ങളുടെ വസന്തം തീർത്തവർക്കൊപ്പം ഒരു ചെഞ്ചോരപ്പൂവായി വി എസ് ചേർന്നുനിന്നു. അണമുറിയാത്ത മഴയിൽ പെയ്‌തുതോരാത്ത ജനാരവങ്ങൾക്കിടയിൽ സിപിഐ എമ്മിന്റെ സമുന്നതനേതാവ് വലിയചുടുകാട്ടിൽ ചരിത്രമായി. അവസാനിക്കാത്ത പോരാട്ടങ്ങൾക്ക് ഉയിരേകിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ ആൾ രൂപമായി നിന്ന വി എസ് ഇനി അനശ്വരരായ പുന്നപ്ര–വയലാർ വിപ്ലവകാരികൾക്കൊപ്പം രക്തതാരകം. എല്ലാവർഷവും പുന്നപ്ര വയലാർ വാർഷികത്തിൽ ദീപശിഖ കൈമാറാൻ മുടങ്ങാതെ എത്തിയ അതേ മണ്ണിൽ പി കൃഷ്‌ണപിള്ള ഉൾപ്പെടെ മഹാനേതാക്കൾക്കുമൊപ്പം വി എസിനും നിത്യനിദ്ര.
തിരുവനന്തപുരത്തുനിന്ന് 29 മണിക്കൂർ പിന്നിട്ട് വിലാപയാത്ര പിറന്ന നാട്ടിൽ അവസാനിച്ചപ്പോൾ 102 വയസ്സിന്റെ പോരാട്ടത്തോടൊപ്പം അന്ത്യവും ചരിത്രമായി. വി എസ് ഉയർത്തിയ ചെങ്കൊടിയും രാഷ്‌ട്രീയവും ഏറ്റെടുക്കാൻ സംസ്ഥാനത്തിന്റെ യൗവനവും ബാല്യവുമെല്ലാം തെരുവുകളിൽ മുഷ്‌ടിചുരുട്ടി. എക്കാലവും ചേർത്തുപിടിച്ച ജനത രാത്രി മുഴുവൻ കാത്തുനിന്ന് തോരാമഴയെ സ്‌നേഹംകൊണ്ട് തോൽപ്പിച്ച് യാത്രാമൊഴിയേകി. അന്ത്യാഭിവാദ്യമർപ്പിക്കാൻ സ്‌ത്രീകളും കുട്ടികളുമടക്കം കാത്തുനിന്നു. വാഹനമെത്തിയപ്പോൾ കടലിരമ്പമായി മുദ്രാവാക്യങ്ങൾ.
തിരുവനന്തപുരത്ത്‌നിന്ന് ചൊവ്വ ഉച്ചയ്‌ക്ക് 2.20ന് പുറപ്പെട്ട വിലാപയാത്ര ബുധൻ പകൽ 12.20നാണ് പുന്നപ്ര പറവൂർ വടക്ക് വേലിക്കകത്ത് വീട്ടിലെത്തിയത്. 2.30 ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിലെത്തിച്ച മൃതദേഹം 4.50വരെ പൊതുദർശനത്തിനുശേഷം ആലപ്പുഴ കടപ്പുറത്തെ ബീച്ചിനുസമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്. അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ നീണ്ടനിര. ഇരമ്പിയെത്തിയ ജനസാഗരം അടക്കിപ്പിടിച്ച ദുഃഖത്തെ മുദ്രാവാക്യമായി ഉരുക്കഴിച്ചു. വൈകിട്ട് 8.30ന് മൃതദേഹം വലിയചുടുകാട്ടിലേക്ക്.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും വിലാപയാത്രയിൽ കണ്ണിചേർന്നു. വലിയചുടുകാട്ടിൽ എത്തിയശേഷം മകൻ വി എ അരുൺകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് മൃതദേഹം ചിതയിലേക്ക് എടുത്തു.
മുദ്രാവാക്യങ്ങൾ ഇടിമുഴക്കമായി വാനിലുയർന്നു. രാത്രി 9.30ന് മകൻ വി എ അരുൺകുമാർ ചിതയ്‌ക്ക് തീകൊളുത്തി. വി എസിന്റെ ഭാര്യ വസുമതിയും മകൾ ആശയും ഉറ്റബന്ധുക്കളും അരികിലുണ്ടായി.
സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സിപിഐ എം സംസ്ഥാന സെക്രട്ടറി, പിബി അംഗം, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ നീതിയുടെയും നന്മയുടെയും വെളിച്ചം പകർന്ന ജീവിതം നിത്യസ്മരണയായി. ഹൃദയം പകുത്ത് ജനസഞ്ചയം അതിന് നേർസാക്ഷ്യമായി. പുതിയ പോരാട്ടങ്ങൾക്ക് ഊർജമായി
Follow us on :
More in Related News
Please select your location.