Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മ തിരക്കി ; ഫയർഫോഴ്സ് തിരിച്ചെത്തി; കല്ലുകൾക്കിടയിൽ അവനെ കണ്ടെത്തി, പക്ഷെ

27 Nov 2025 08:48 IST

NewsDelivery

Share News :

തണ്ണിത്തോട് (പത്തനംതിട്ട) : സ്കൂളിൽനിന്നു വീട്ടിലെത്തുന്നതിനു നിമിഷങ്ങൾ മുൻപുണ്ടായ അപകടത്തിൽ രണ്ടു കുരുന്നുകളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണു നാട്. ഇന്നലെ വൈകിട്ട് 3.30ന് ശേഷം കരിമാൻതോട് –തൂമ്പാക്കുളം റോഡിലാണ് അപകടമുണ്ടായത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചുമാറ്റിയപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. എൽകെജി വിദ്യാർഥി യദുകൃഷ്ണ (4), 3–ാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി (8) എന്നിവരാണു മരിച്ചത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഇന്നലെ വൈകിട്ടു സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്ന സമയത്താണു അപകടം. ഡ്രൈവർക്കും മൂന്നു വിദ്യാർഥികൾക്കും പരുക്കേറ്റു

ഗുരുതരമായി പരുക്കേറ്റ മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചാഞ്ഞപ്ലാക്കൽ അനിലിന്റെ മകൻ ശബരിനാഥിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ച് വിദ്യാർഥികളും ഒരു വിദ്യാർഥിയുടെ അമ്മയുമായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർ. വിദ്യാർഥിയുടെ അമ്മ പരുക്കില്ലാതെ രക്ഷപ്പെട്ടു. കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൻസ പരുക്കുകളോടെ പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിലും തലയ്ക്കു പരുക്കേറ്റ ഡ്രൈവർ തൂമ്പാക്കുളം വിളയിൽ രാജേഷ് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

കരിമാൻതോട് മുതൽ തൂമ്പാക്കുളം വരെ റോഡിനു സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ ഇല്ല. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയാണ് ബഹളം വച്ച് ആളുകളെ കൂട്ടിയത്. ഓടിക്കൂടിയ നാട്ടുകാർ കിട്ടിയ വാഹനങ്ങളിൽ കുട്ടികളെയും ഡ്രൈവറെയും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. 5 കുട്ടികളുണ്ടായിരുന്നെന്ന കാര്യം സ്ഥലത്തെത്തിയവർ അറിഞ്ഞിരുന്നില്ല.

മൂന്നാം ക്ലാസുകാരിയായ ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നു സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ തിരുവല്ലയിലേക്കു മാറ്റി. യദുകൃഷ്ണയുടെ അമ്മ ഈ സമയം പത്തനംതിട്ടയിലെത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ കുട്ടിയെ കാണാൻ കഴിഞ്ഞില്ല. പല ആശുപത്രികളിലേക്കു കൊണ്ടുപോയതിനാൽ അവിടെയും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു മടങ്ങിയ അഗ്നിരക്ഷാ സേന വീണ്ടും അപകടസ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയത്.

അപ്പോൾ സമയം വൈകിട്ട് ഏഴു കഴിഞ്ഞു. ഏഴര കഴിഞ്ഞാണ് ഓട്ടോറിക്ഷ മറിഞ്ഞതിനടുത്ത് 15 മീറ്ററോളം മാറി തോട്ടിലെ വെള്ളത്തിനടിയിൽ കല്ലുകൾക്കിടയിലായി യദുകൃഷ്ണയെ കണ്ടെത്തി‍യത്. കോന്നി മെഡിക്കൽ കോളജിലേക്കാണ് എത്തിച്ചത്. പ്രതീക്ഷയോടെയും പ്രാർഥനയോടെയും കാത്തിരുന്നവരെ സങ്കടത്തിലാഴ്ത്തി യദുവിന്റെ മരണവും ഉടൻ സ്ഥിരീകരിച്ചു.

Follow us on :

More in Related News