Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഎഇയില്‍ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈല്‍ വര്‍ഷം; 165 മിസൈല്‍, 541 ഡ്രോണ്‍, ; 3 മരണം, 58 പേര്‍ക്ക് പരിക്ക്

02 Mar 2026 21:30 IST

Jithu Vijay

Share News :

അബുദാബി : പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേല്‍ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയില്‍ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈല്‍ - ഡ്രോണ്‍ ആക്രമണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 165 ബാലസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇതിനകം യു എ ഇ ലക്ഷ്യമാക്കി എത്തിയത്. ഇതില്‍ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങള്‍ തകർത്തുവെങ്കിലും മിസൈല്‍ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ പതിച്ച്‌ മൂന്ന് പേർ കൊല്ലപ്പെട്ടു.


പാകിസ്ഥാൻ, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. ആക്രമണങ്ങളില്‍ 58 പേർക്ക് പരിക്കേറ്റു, ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 152 ബാലസ്റ്റിക് മിസൈലുകളും 506 ഡ്രോണുകളും ആകാശത്തുവെച്ച്‌ തന്നെ നശിപ്പിച്ചു. 21 ഡ്രോണുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചതാണ് നാശനഷ്ടങ്ങള്‍ക്കും മരണത്തിനും കാരണമായത്. മേഖലയില്‍ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ യു എ ഇ അതീവ ജാഗ്രതയിലാണ്.


അതീവ ജാഗ്രത നിർദേശം


ഇറാന്‍റെ മിസൈല്‍ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച്‌ 2, 3, 4 തീയതികളില്‍ രാജ്യത്തെ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബല്‍ വില്ലേജടക്കം താത്കാലികമായി അടച്ചിട്ടുണ്ട്.


ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യു എ ഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാല്‍ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അല്‍ ഹാഷിമി മുന്നറിയിപ്പ് നല്‍കി. 'സിഎൻഎന്നി'ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യു എ ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലേ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇന്നലെ മുതല്‍ ഇറാൻ ആക്രമണം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യു എ ഇയുടെ കടുത്ത പ്രതികരണം.

Follow us on :

More in Related News