Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടുചിറ - എഴുമാന്തുരുത്ത് റോഡ് നിർമ്മാണം ഓഗസ്റ്റ് 10ന് ആരംഭിക്കാൻ സർക്കാർ തീരുമാനം

01 Aug 2026 19:53 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :- മുട്ടുചിറ- ആയാംകുടി- ഏഴുമാന്തുരുത്ത്- വടയാർ ചന്തപ്പാലം - വെള്ളൂർ - മുളക്കുളം അമ്പലപ്പടി ജംഗ്ഷൻ റോഡ് വികസന പദ്ധതിയുടെ മുടങ്ങിപ്പോയ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി. മോൻസ് ജോസഫ് അറിയിച്ചു . 

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുടങ്ങിക്കിടക്കുന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ സർക്കാർ വിളിച്ചുചേർത്ത പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മുട്ടുചിറ-ആയാംകുടി-എഴുമാന്തുരുത്ത് റോഡ് റീച്ചിൻ്റെ നിർമ്മാണ ജോലികൾ ഓഗസ്റ്റ് 10ന് ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഇതിനു മുന്നോടിയായി വിവിധതരത്തിലുള്ള യൂട്ടിലിറ്റീസ് പുനക്രമീകരിക്കാൻ തീരുമാനിച്ചു. ഇത് പ്രകാരം പി.ഡബ്ല്യു.ഡി കെ.എസ്.ടി.പി ഉദ്യോഗസ്ഥരും വാട്ടർ അതോറിറ്റി എൻജിനീയർമാരും ജോയിൻറ് ഇൻസ്പെക്ഷൻ നടത്തുന്നതാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുള്ള ജോലികൾ ഉടനെ പരിശോധിക്കുന്നതും സമയബന്ധിതമായി പ്രവർത്തി നടപ്പാക്കുന്നതുമാണ്. ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യാനുള്ളതും പുനക്രമീകരിക്കാനുള്ളതും പരിശോധിച്ച് ഉടൻ തീർപ്പാക്കുന്നതാണ് . മുട്ടുചിറ - വാലാച്ചിറ റെയിൽവേ ഗേറ്റ് റോഡിൽ നിർമ്മിച്ചിരിക്കുന്ന ഓടകളുടെ അശാസ്ത്രീയത വിശദമായി പരിശോധിച്ചു തീർപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലി ടാറിങ് പ്രവർത്തി ആരംഭിക്കുന്നതിന് മുൻപ് പൂർത്തിയാക്കാൻ തീരുമാനിച്ചു. ഉന്നത നിലവാരത്തിലുള്ള ബി.എം & ബി.സി ടാറിങ് ജോലികളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിപ്പോയതിനെ തുടർന്ന് പ്രതിസന്ധിയിലായി തീരുകയും ജനങ്ങൾ വളരെയേറെ കഷ്ടതയനുഭവിക്കുകയും ചെയ്ത സാഹചര്യമാണുണ്ടായിരുന്നത്. പ്രശ്നപരിഹാരത്തിനു വേണ്ടി അഡ്വ. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ സർക്കാർ തലത്തിലും നിയമസഭയിലൂടെയും നിരന്തരമായ ശ്രമങ്ങൾ നടത്തിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിലേക്ക് എത്തിക്കാൻ സർക്കാർ ഇടപെടലിലൂടെ കഴിഞ്ഞില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ഉടൻ തന്നെ പരിഹാരനടപടികൾക്കായി ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുള്ളത്. മുട്ടുചിറയിൽ നിന്നും ആയാംകുടി വഴി എഴുമാന്തുരുത്ത് ഭാഗത്തേക്ക് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടൊപ്പം മുളക്കുളം അമ്പലപ്പടി ഭാഗത്ത് നിന്നും വെള്ളൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള റോഡ് നിർമ്മാണവും സമയബന്ധിതമായി നടപ്പാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. 

സർക്കാർ പരിശോധിച്ച് അംഗീകരിച്ച പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മുട്ടുചിറ- വടയാർ- മുളക്കുളം റോഡ് വികസന പ്രവർത്തനങ്ങൾക്ക് 84 കോടി രൂപയുടെ പുതുക്കിയ പദ്ധതിയാണ് അംഗീകരിച്ചിട്ടുള്ളതെന്ന് അഡ്വ. മോൻസ് ജോസഫ് വ്യക്തമാക്കി. 

പൊതുമരാമത്ത് വകുപ്പിലെ കെ.എസ്.ടി.പി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. പെരുമ്പാവൂർ ഇ.കെ.കെ കമ്പനിയാണ് ഈ പ്രവർത്തിയുടെ പുതുക്കിയ കരാർ ഏറ്റെടുത്തിട്ടുള്ളത്



 


Follow us on :

More in Related News