Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2026 06:39 IST
Share News :
കോഴിക്കോട്: റവന്യൂ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭൂമി തരംമാറ്റ അപേക്ഷകളും പട്ടയ വിതരണവും സമയബന്ധിതമായി തീർപ്പാക്കാൻ പ്രത്യേക നടപടികൾ ആരംഭിച്ചതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്താകെ നിലവിൽ ഏകദേശം 2.5 ലക്ഷം ഭൂമി തരംമാറ്റ അപേക്ഷകളാണ് പരിഗണനയ്ക്കായി കിടക്കുന്നത്. ഇതിൽ 35,000-ത്തിലധികം അപേക്ഷകൾ കോഴിക്കോട് ജില്ലയിലുമുണ്ട്. 100 ദിവസത്തെ കർമ്മപദ്ധതിയിലൂടെ സംസ്ഥാനത്ത് കുറഞ്ഞത് 25,000 അപേക്ഷകളെങ്കിലും തീർപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
അഞ്ച് മുതൽ 15 സെന്റ് വരെ ഭൂമിയുള്ള സാധാരണക്കാരുടെ അപേക്ഷകൾക്ക് മുൻഗണനനൽകുമെന്നും വീട് നിർമ്മിക്കാൻ ഭൂമി തരംമാറ്റം ആവശ്യമായവർക്ക് ഉദാരമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടയ വിതരണത്തിൽ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ, മലയോര മേഖലകൾ, ആദിവാസി മേഖലകൾ, പട്ടികജാതി വിഭാഗങ്ങൾ എന്നിവിടങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേക പരിഗണന നൽകും. 10 മുതൽ 15 സെന്റ് വരെ ഭൂമിയുള്ളവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളും വേഗത്തിലാക്കും.
ഉപാധിരഹിത പട്ടയം നൽകുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. പട്ടയം ലഭിക്കുന്നവർക്ക് ഭൂമിയിൽ പൂർണ അവകാശവും കൈമാറ്റ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന തരത്തിൽ നിലവിലെ നിയമങ്ങളിൽ മാറ്റം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
ജനങ്ങളുടെ ഭൂസംബന്ധമായ പരാതികൾ സമയബന്ധിതമായി പരിഹരിക്കണമെന്നും, വില്ലേജ് ഓഫീസുകൾ ജനങ്ങൾക്ക് സർക്കാരിന്റെ മുഖമാണെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഓരോ അപേക്ഷകനെയും കേൾക്കുകയും നിയമപരമായി സാധ്യമായ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു.
അവലോകന യോഗത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, സർവേ വകുപ്പ് ഡയറക്ടർ ജെ.ഒ. അരുൺ, എ.ഡി.എം. ഷറീന കെ., സബ് കളക്ടർ എസ്. ഗൗതം രാജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. ജയശ്രീ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
Please select your location.