Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.ടി.എ റഹീമിനെതിരെ കുന്ദമംഗലം പഞ്ചായത്തിൽ നിന്നുള്ള സ്ഥാനാർഥി വേണം; ആവശ്യം ശക്തം

12 Mar 2026 20:54 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ സജീവമാകുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായി വീണ്ടും പി.ടി.എ റഹീം തന്നെ മത്സരിക്കുമെന്ന സൂചനകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ഉയരുന്നത്. അതേസമയം യു.ഡി.എഫിന്റെ സാധ്യതാ സ്ഥാനാർഥിയായി മുൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവിയുടെ പേരും ശക്തമായി ചർച്ചയിലുണ്ട്.


കുന്ദമംഗലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ജനങ്ങളോട് ചേർന്നുനിൽക്കുന്ന നേതാവെന്ന നിലയിലാണ് പി.ടി.എ റഹീം അറിയപ്പെടുന്നത്. 2006-ൽ മുസ്ലിം ലീഗ് വിട്ട് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം അതേ വർഷം കൊടുവള്ളി നിയോജക മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. പിന്നീട് 2011-ൽ കുന്ദമംഗലം നിയോജക മണ്ഡലത്തിലേക്ക് കടന്നുവന്ന് അന്നത്തെ സിറ്റിംഗ് എം.എൽ.എ യു.സി രാമനെ പരാജയപ്പെടുത്തി ശ്രദ്ധേയമായ വിജയം നേടി. തുടർന്ന് 2016-ൽ ടി. സിദ്ധീഖിനെയും 2021-ൽ ദിനേഷ് പെരുമണ്ണയെയും പരാജയപ്പെടുത്തി തുടർച്ചയായി വിജയിച്ച് പതിനഞ്ച് വർഷമായി കുന്ദമംഗലം മണ്ഡലത്തിന്റെ എം.എൽ.എയായി തുടരുകയാണ്.


ഈ കാലയളവിൽ റോഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ മേഖല, കുടിവെള്ള പദ്ധതികൾ തുടങ്ങി വിവിധ മേഖലകളിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ പ്രവർത്തന മികവായി അനുയായികൾ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളോട് അടുത്തുനിന്നുള്ള പ്രവർത്തന ശൈലിയാണ് അദ്ദേഹത്തെ ജനകീയ നേതാവായി മാറ്റിയതെന്നതാണ് വിലയിരുത്തൽ.


അതേസമയം യു.ഡി.എഫിന്റെ സാധ്യതാ സ്ഥാനാർഥിയായി ഉയർന്നുവരുന്ന അരിയിൽ അലവിയും കുന്ദമംഗലം പ്രദേശത്ത് ശ്രദ്ധേയമായ പൊതുപ്രവർത്തകനാണ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലയളവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ അദ്ദേഹം ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലാണ് അറിയപ്പെടുന്നത്. ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ നടത്തിയ ഇടപെടലുകൾ അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.


പഞ്ചായത്ത് അടിസ്ഥാനത്തിൽ യു.ഡി.എഫിന് ഏറ്റവും കൂടുതൽ വോട്ടുള്ള കുന്ദമംഗലം പഞ്ചായത്തിൽ നിന്നുള്ള സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ വിജയസാധ്യത വർധിക്കുമെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകരും പ്രവർത്തകരും പങ്കുവെക്കുന്നു. ആ സാഹചര്യത്തിലാണ് അരിയിൽ അലവിയുടെ പേര് കൂടുതൽ ശക്തമായി ചർച്ചകളിൽ ഉയരുന്നത്.


തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ വികസന നേട്ടങ്ങളും ജനകീയ ഇടപെടലുകളും മുൻനിർത്തി രണ്ട് മുന്നണികളും ശക്തമായ സ്ഥാനാർഥികളുമായി രംഗത്തെത്താൻ ശ്രമിക്കുന്നതോടെ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ മത്സരം കൂടുതൽ ശ്രദ്ധേയമാകുമെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. ജനങ്ങളുടെ അന്തിമ വിധി എന്താകുമെന്നത് അറിയാൻ ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

Follow us on :

More in Related News