Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എൻ.ഡി.പി യോഗം സോഹാർ ശാഖ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു

20 Sep 2026 16:58 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: എസ്.എൻ.ഡി.പി യോഗം ഒമാൻ യൂണിയൻ സോഹാർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ ഭക്തിനിർഭരമായ ഗുരുപുഷ്പാഞ്ജലി, പൂജാചടങ്ങുകൾ എന്നിവ നടന്നു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നിരവധി ഗുരുദേവ ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

തുടർന്ന് സോഹാർ ശാഖ പ്രസിഡന്റ് സന്തോഷ് സോപനത്തിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ശാഖ സെക്രട്ടറി വിനീഷ് വിദ്യാധരന്റെ ആശംസാപ്രസംഗത്തോടെ ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം ഒമാൻ യൂണിയൻ കൺവീനർ ജി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഗുരുദേവൻ കേരളത്തിന് നൽകിയ ദർശനം ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെടുകയാണെന്ന് ജി. രാജേഷ് പറഞ്ഞു. ഗുരുദേവന്റെ ദർശനങ്ങളും വചനങ്ങളും ജീവിതത്തിൽ പിന്തുടരുന്നതിലൂടെ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും ലോകം കൂടുതൽ ശ്രദ്ധയോടെ സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണ് ഗുരുദേവൻ രചിച്ച ദൈവദശകം ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ജർമ്മൻ വംശജർ ആലപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ കോർഡിനേറ്റർ കുമാർ, കോർ കമ്മിറ്റി അംഗങ്ങളായ മുരളീധരൻ, റെനിഷ്, സോഹാർ ശാഖ രക്ഷാധികാരി സുനിൽ മാഷ്, സോഹാർ മലയാളി സംഘം പ്രസിഡന്റ് വാസു പിട്ടൻ, സുനിൽ, കൈരളി അംഗം വാസു, റോയ് എന്നിവർ ആശംസകൾ നേർന്നു. സോഹാർ ശാഖ വൈസ് പ്രസിഡന്റ് ചന്ദ്രബാബു നന്ദി പറഞ്ഞു.

തുടർന്ന് ഗാനമേളയും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് വിഭവസമൃദ്ധമായ പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു.

ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എസ്.എൻ.ഡി.പി യോഗം പ്രവർത്തകരുടെയും സോഹാർ ശാഖ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.

Follow us on :

More in Related News