Tue Dec 12, 2023 10:56 PM 1ST

Location  

Sign In

58-ാം വയസില്‍ മിനി ഡേവിസ് അടുക്കളയില്‍ നിന്ന് കോടതിയിലേക്ക്

09 Jan 2025 20:18 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: 58-ാം വയസില്‍ നിയമം പഠിച്ച് വക്കീല്‍കുപ്പായം അണിയുകയാണ് കോടാലി സ്വദേശിനിയായ മിനി ഡേവിസ് എന്ന വീട്ടമ്മ. മക്കളും പേരക്കുട്ടികളുമായി കഴിഞ്ഞാല്‍ ഇനി ഒന്നിനും കഴിയില്ല എന്നു കരുതി വീട്ടകങ്ങളില്‍ ഒതുങ്ങികൂടുന്ന വീട്ടമ്മമാര്‍ക്ക് കരുത്തും പ്രചോദനവും പകരുന്നതാണ് മിനിഡേവിസിന്റെ എല്‍.എല്‍.ബി ബിരുദം.

കോടാലി ചിറയത്ത് വീട്ടില്‍ ഡേവിസിന്റെ ഭാര്യയായ മിനിക്ക് എല്‍.എല്‍.ബി നേടണമെന്നുള്ള ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. പരിയാരം കാഞ്ഞിരപ്പിള്ളിയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മിനി കൊമേഴ്‌സില്‍ ബിരുദമെടുത്ത് വൈകാതെ വിവാഹിതയായി. വിവാഹത്തിനു മുമ്പ് കുറച്ചു കാലം പരിയാരം സഹകരണ ബാങ്കില്‍ ജോലി ചെയ്തിരുന്നു. കുടുംബജീവിതത്തിലേക്കു കടന്നതോടെ കുട്ടികളുടെ പരിചരണത്തിനായി മുഴുവന്‍ സമയവും മാറ്റിവെച്ച് വീടിനുള്ളില്‍ ഒതുങ്ങി. ഭര്‍ത്താവ് പ്രവാസിയായതിനാല്‍ കുട്ടികളുടെ സംരക്ഷണചുമതല മുഴുവനായും ഏറ്റെടുക്കേണ്ടി വന്നു. ഇടക്ക് കുറച്ചു കാലം മുംബൈയിലും ഗള്‍ഫിലും ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം താമസിച്ചു. എല്‍.എല്‍.ബി അപ്പോഴും മനസില്‍ എവിടെയോ ഉറങ്ങിക്കിടന്നിരുന്നു. വീട്ടുജോലികളും പറമ്പില്‍ പച്ചക്കറി കൃഷിയുമായി കഴിഞ്ഞുകൂടിയിരുന്ന മിനിയുടെ മനസിലേക്ക് വീണ്ടും എല്‍.എല്‍.ബി മോഹം ചേക്കേറിയത് മക്കളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായ ശേഷമാണ്. മകള്‍ വിവാഹിതയും എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥയുമായി. മകനും വിദേശത്ത് ജോലി ലഭിച്ചു. ഭര്‍ത്താവ് പ്രവാസിയായതിനാല്‍ മിനി വീ്ട്ടില്‍ തനിച്ചാകുമെന്ന ഘട്ടമെത്തിയപ്പോള്‍ മകന്‍ ഫെലിക്‌സാണ് അമ്മയുടെ മനസിലെ പണ്ടുമുതലേയുള്ള മോഹം സഫലമാക്കാന്‍ മുന്‍ കൈയെടുത്തത്. പാലക്കാട് ലക്കിടിയിലെ നെഹ്‌റു അക്കാദമി ഓഫ് ലോയില്‍ ചേര്‍ന്ന് മിനി പഠനം ആരംഭിച്ചു. തന്റെ മക്കളേക്കാള്‍ പ്രായ കുറഞ്ഞ സഹപാഠികള്‍ക്കൊപ്പമിരുന്നാണ് മിനി നിയമ പഠനം പൂര്‍ത്തിയാക്കിയത്. ഹോസ്റ്റലില്‍ താമസിച്ച് റഗുലര്‍ സ്റ്റുഡന്റായി ദിവസവും ക്ലാസിലെത്തിയിരുന്ന തന്നോട് സഹപാഠികളായ പെണ്‍കുട്ടികള്‍ക്ക് ബഹുമാനം കലര്‍ന്ന സ്‌നേഹമാണുണ്ടായിരുന്നതെന്ന് മിനി പറഞ്ഞു. കോഴ്‌സ് പൂര്‍ത്തിയാക്കി സപ്ലിയില്ലാതെ വിജയിച്ച മിനി കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ എന്റോള്‍ ചെയ്ത് അഭിഭാഷക വൃത്തിക്ക് തുടക്കം കുറിച്ചു. ചാലക്കുടി കോടതിയില്‍ പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാമ്പസ് ജീവിതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു രണ്ടാം കാമ്പസ് ജീവിതത്തിലെ അനുഭവങ്ങളെന്നും ഭര്‍ത്താവും മക്കളും ബന്ധുക്കളുമടങ്ങുന്ന കുടുംബം കട്ടസപ്പോര്‍ട്ടുമായി ചേര്‍ത്തുപിടിച്ചതുകൊണ്ടാണ് വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടന്ന മോഹം സാക്ഷാല്‍ക്കരിക്കാനായതെന്നും ഈ വീട്ടമ്മ പറഞ്ഞു. പഠിക്കാനും തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാനും പ്രായം ഒരു തടസമാണെന്ന് കരുതി വീട്ടില്‍ ഒതുങ്ങിപോകരുതെന്നാണ് മിനി ഡേവിസിന് വീട്ടമ്മമാരോട് പറയാനുള്ളത്.

Follow us on :

More in Related News