Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 20:11 IST
Share News :
കടുത്തുരുത്തി: പുസ്തകങ്ങളുടെ കൂട്ടുകാരാകാൻ വിദ്യാർഥികളെ ആഹ്വാനം ചെയ്ത് വായന മാസാചരണത്തിന് തുടക്കം. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വായനമാസാചാരണത്തിന്റെ
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് നിർവഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ബോധത്തെ ഉയർന്ന തലത്തിൽ എത്തിച്ചത് പി.എൻ. പണിക്കർ ആരംഭിച്ച ഗ്രന്ഥശാലാ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.
അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന നിലയിൽ ഗ്രന്ഥശാലകൾ കേരള സമൂഹത്തിന്റെ വളർച്ചയ്ക്ക് ചരിത്രപരമായ നേതൃത്വമാണ് നൽകിയത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയ മുന്നേറ്റം സൃഷ്ടിക്കാൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു. 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി.എൻ. പണിക്കരുടെ സന്ദേശം എക്കാലത്തും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
കഥാകൃത്ത് കെ. രേഖ വായനദിന സന്ദേശം നൽകി. ജാതിമത ഭേദങ്ങൾക്കപ്പുറത്തേക്ക് ചിന്തിക്കാനും സാംസ്‌കാരികമായി ഉയരാനും കേരള സമൂഹത്തിന് കഴിഞ്ഞതിനു പിന്നിൽ വായനയിലൂടെ സ്വാംശീകരിച്ച മൂല്യങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അവർ പറഞ്ഞു. വായനയിലൂടെ ആർജ്ജിച്ചെടുക്കുന്ന സംസ്‌കാരം സമൂഹത്തെത്തന്നെ മാറ്റിയെടുക്കുമെന്നും രേഖ കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.വി. മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വിഭാഗം ഡി.പി.എം ഇ.എസ്. ഉഷാദേവി, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ബി. രാജീവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.എസ്. ജയിൻ, മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടി.പി. മേരി, വിദ്യാർഥിനി അബിഗേൽ സൂസൻ ടോം എന്നിവർ പ്രസംഗിച്ചു.
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.