Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിസ്മയങ്ങളുടെ നക്ഷത്ര രാവൊരുക്കി കോടാലി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍

22 Dec 2024 15:55 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

വിസ്മയങ്ങളുടെ നക്ഷത്ര രാവൊരുക്കി കോടാലി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍

കോടാലി: വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയായ കോടാലി ജി.എല്‍.പി സ്‌കൂളില്‍ ക്രിസ്മസ് പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ വര്‍ണവിസ്മയം ജനശ്രദ്ധയാകര്‍ഷിക്കുന്നു. സംസ്ഥാനത്തെ മറ്റൊരു സര്‍ക്കാര്‍ വിദ്യാലയത്തിലും കാണാനാകാത്ത വൈവിധ്യമാര്‍ന്ന വര്‍ണക്കാഴ്ചയാണ് പി.ടി.എയുടെ നേതൃത്വത്തില്‍ ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഉദ്യാനതുല്യമായ വിദ്യാലയാങ്കണം പൂര്‍ണമായും വര്‍ണവിളക്കുകളും നക്ഷത്രങ്ങളും കൊണ്ട് അലങ്കരിച്ചാണ് 'എസ്‌ട്രെല്ലാ ഈവ് ' എന്ന പേരില്‍ വിസ്മയ ലോകം തുറന്നിട്ടുള്ളത്.

35 അടിയിലേറെ ഉയരവും ചലിക്കുന്ന മുഖവുമുള്ള കൂറ്റന്‍ സാന്താക്ലോസ് , രണ്ടായിരം അടി വിസ്തൃതിയില്‍ തീര്‍ത്ത പുല്‍ക്കൂട്, ക്രിസ്മസ് ട്രീ, ഭീമന്‍ ഗുഹ, സെല്‍ഫി പോയന്റ് എന്നിവയെല്ലാം ഈ വിസ്മയലോകത്തുണ്ട്. സമ്മാനപൊതികളുമായി സാന്താക്ലോസ് സഞ്ചരിക്കുന്ന വണ്ടിയും ഇവിടെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ചലിക്കുന്ന ഒട്ടകവും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. കോടാലി സ്വദേശിയായ കലാകാരന്‍ പി.കെ.നികേഷാണ് കോടാലി സ്‌കൂളിലെ എസ്‌ട്രെല്ലാ ഈവ് രൂപ കല്‍പ്പന ചെയ്തത്. പി.ടി.എ, എം.പി.ടി.എ, ,അധ്യാപകര്‍,കുട്ടികള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന, വിദ്യാലയ സൗഹൃദവേദി, നാട്ടുകാര്‍ എന്നിവരടങ്ങിയ കൂട്ടായ്മയുടെ ഒരു മാസം നീണ്ട അധ്വാനത്തിലൂടെയാണ് ക്രിസ്മസ്-പുതുവല്‍സരക്കാഴ്ച ഒരുക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം തുറന്ന ഈ വിസ്മയലോകം 31 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാനാകും. വൈകുന്നരം അഞ്ചുമുതല്‍ രാത്രി 9.30 വരെയാണ് പ്രവേശനം. എസ്‌ട്രെല്ല ഈവിന്റെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈബി സജി, പഞ്ചായത്തംഗം കെ.എസ്.സൂരജ്, പ്രധാനധ്യാപിക ടി.എം.ശകുന്തള, പി.ടി.എ പ്രസിഡന്റ് ഷാജു കുഴിവേലി, കോടാലി ജുമ മസ്ജിദ് ഇമാം മുഹമ്മദ് ഷെരീഫ് ദാരിമി ,പി.കെ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന കരോള്‍ ഘോഷയാത്രയില്‍ ക്രിസ്മസ് പാപ്പമാരുടെ വേഷം ധരിച്ച നൂറുകണക്കിനു കുട്ടികളും രക്ഷിതാക്കളും അണിനിരന്നു.

Follow us on :

More in Related News