Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയതലത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണം ;

18 Jul 2026 20:16 IST

Jithu Vijay

Share News :

കോഴിക്കോട് : നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടങ്ങളുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ (സി.ആർ.യു.എ) ഭാരവാഹികൾ ആവശ്യപ്പെട്ടു.


കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, അസോസിയേഷൻ ഭാരവാഹികൾ സ്റ്റേഷൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഈ ആവശ്യം ഉന്നയിച്ചത്.

റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ, പരിസരത്തുള്ള പഴക്കമേറിയ കെട്ടിടങ്ങൾ കാരണം അപകടസാധ്യത വർധിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. കഴിഞ്ഞദിവസം കോഴിക്കോട്ട് പ്രതികൂല കാലാവസ്ഥയിലും റെയിൽവേ സ്‌റ്റേഷൻ മാനേജർ, ജി.ആർ.പി എന്നിവരുൾപ്പെടെയുള്ളവരുടെ ജാഗ്രതയും സമയോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

നിർമാണവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് രണ്ടുതവണ പിഴയൊടുക്കേണ്ടി വന്ന റാങ്ക് പ്രൊജക്ട് ആൻ്റ് ഡെവലപ്പേഴ്‌സിനെ' നിലവിലെ നിർമാണ ചുമതലകളിൽ നിന്ന് ഒഴിവാക്കണം. പകരം യോഗ്യതയുള്ള മറ്റൊരു കരാർ കമ്പനിയെ ഏൽപ്പിച്ച് നിർമാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം. അപകടസമയത്ത് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ നിർത്തിയിട്ടിരുന്നതിനാലാണ് ഒന്നാം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.



എട്ടര മാസമായി ഒഴിഞ്ഞുകിടക്കുന്ന സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഇന്ത്യൻ റെയിൽവേ എൻജിനീയറിങ് സർവീസ് (IRES) റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുകയും, അപകടം നടന്ന രണ്ടാമത്തെ പ്ലാറ്റ്‌ഫോം എത്രയും വേഗം യാത്രായോഗ്യമാക്കി മാറ്റി 1, 2, 3 പ്ലാറ്റ്‌ഫോമുകളിൽ വെയ്റ്റിങ് റൂം, ബാത്ത്റൂം, ഭോജനശാല എന്നിവ ഉടൻ പ്രവർത്തനസജ്ജമാക്കുക.

 സ്റ്റേഷൻ പരിസരത്തെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ട്രാഫിക് പോലീസിനെ നിയമിക്കുക. നിർത്തലാക്കിയ ഇൻഫർമേഷൻ സെൻ്റർ പുനഃസ്ഥാപിക്കുക. ഓട്ടോ പ്രീ-പെയ്ഡ് കൗണ്ടർ, സർക്കുലർ ബസ് സർവീസ് എന്നിവ അടിയന്തരമായി ആരംഭിക്കുക.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് തയ്യാറാക്കിയ നിവേദനം ന്യൂഡൽഹിയിലെ അസോസിയേഷൻ്റെ ലൈസൺ ഓഫീസർ മുഖാന്തിരം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കാൻ തീരുമാനിച്ചു.


അസോസിയേഷൻ ദേശീയ വർക്കിങ് ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി, കൺവീനർ ടി.പി. വാസു, കേരള റീജിയൻ കൺവീനർമാരായ പി.ഐ. അജയൻ, ജയൻ ബാലകൃഷ്ണൻ എന്നിവരാണ് അപകടസ്ഥലം സന്ദർശിച്ചത്.

Follow us on :

More in Related News