Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചു; 300ഓളം കോഴികൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉദയാപുരത്ത് പക്ഷിപ്പനി സ്ഥരീകരിച്ചത്.

11 Apr 2026 22:07 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം താലൂക്കിലെ ഉദയനാപുരം പഞ്ചായത്തിൽ പക്ഷിപ്പനി (എച്ച്‌5 എൻ 1) സ്‌ഥിരീകരിച്ചു. ഉദയനാപുരം പഞ്ചായത്തിലെ 16-ാം വാർഡായ ശ്രീനാരായണപുരം പുത്തൻകരിയിൽ പി.ഡി.ജോണിന്റെ 5000കോഴികളെ വളർത്തുന്ന ഫാമിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ 300ഓളം കോഴികൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥരീകരിച്ചത്. ചത്ത കോഴികളെ കുഴിയെടുത്ത് മറവുചെയ്‌തു. പ്രദേശത്തെ മറ്റ് 2ഫാമുകളിലെ കോഴികൾ നിരീക്ഷണത്തിലാണെന്നും പനി പടരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു. പക്ഷിപ്പനി സ്‌ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു വളർത്തു പക്ഷികളെയും മാർഗ നിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചതായി ജില്ലാ കലക്‌ടർ ചേതൻ കുമാർ മീണ അറിയിച്ചു. രോഗം സ്‌ഥിരീകരിച്ച ഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഉദയനാപുരം പഞ്ചായത്തിന് പുറമേ 10കിലോമീറ്റർ പരിധിയിലുള്ള വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ടിവിപുരം, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നീ പ്രദേശങ്ങളിലെ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതും വിൽക്കുന്നതും, ഇവ മറ്റു സ്‌ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും മൂന്നു ദിവസത്തേക്ക് നിരോധിച്ചു. വളർത്തുപക്ഷികൾ, മുട്ട, ഇറച്ചി, വളം എന്നിവ നിരീക്ഷണ മേഖലയ്ക്ക് പുറത്തേക്കോ പുറത്തു നിന്ന് അകത്തേക്കോ കൊണ്ടുവരുന്നത് മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന വ്യക്‌തികൾക്കും ഉദ്യോഗസ്ഥ‌ർക്കുമെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.

Follow us on :

More in Related News