Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരത്തിലെ ഒരു ബ്രിട്ടീഷ് ശേഷിപ്പ് കൂടി നാടു നീങ്ങുന്നു

02 Sep 2025 11:48 IST

Fardis AV

Share News :




കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ മറ്റൊരു ശേഷിപ്പ് കൂടി നാടു നീങ്ങുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ കലക്ടറായിരുന്ന

 സി. ഏ ഇന്നിംഗ്സിൻ്റെ കാലത്ത്, അദ്ദേഹം യാത്രക്കാർക്ക് വിശ്രമിക്കുവാനായി നിർമിച്ച

പന്നിയാങ്കരയിലെ സി.എ ഇന്നിംഗ്സ് റെസ്റ്റ് ഹൗസ് എന്ന പിന്നീട് പന്നിയാങ്കരയിലെ ബസ്കാത്തിരിപ്പു കേന്ദ്രമായ, നൂറ്റാണ്ടുകൾ പ്രായമുള്ള കെട്ടിടമാണ് ഇപ്പോൾ അധികൃതർ നവീകരിച്ച് പുതുക്കി പണിഞ്ഞത്.

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം എം.എൽ. എ അഹമ്മദ് ദേവർകോവിലിൻ്റെ എം.എൽ. എ ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കി പണിയുന്നത്. പഴയ രീതിയിലുള്ള കളി മൺ ടൈലുകൾ കൊണ്ട് ഉള്ള എട്ട് ചിത്രത്തൂണുകളിലുള്ള ഓടു പാകിയ

പുരാവസ്തു പ്രാധാന്യം തോന്നിപ്പിക്കുന്ന കെട്ടിടമായിരുന്നു പഴയ ഇന്നിസ് റസ്റ്റ് ഹൗസിൻ്റേതെങ്കിൽ പുതുക്കിപണിതപ്പോൾ അത് ഇരുമ്പു തൂണുകളിലുള്ള നൂതന കെട്ടിടമായി മാറിയിരിക്കയാണ്. 

ഫറോക്ക്, കല്ലായി റെയിൽപാളങ്ങൾ, ഹുജൂർ കച്ചേരി

അടക്കം

പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കാലത്തെ പഴയ പല ശേഷിപ്പുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിലെ അവസാനത്തെ ഒന്നായി മാറുകയാണ്, നവീകരിക്കുന്ന ഇന്നിസ് റസ്റ്റ് ഹൗസ് എന്ന ബസ് കാത്തിരിപ്പു കേന്ദ്രവും.

നൂറ്റാണ്ടുകൾ പ്രായമുള്ള കെട്ടിടമായതിനാൽ, അതിൻ്റെ പഴയ തനിമ അതേ പോലെ നിലനിർത്തണമെന്ന ആവശ്യം ആദ്യം ഉയർന്നിരുന്നുവെങ്കിലും പുരാവസ്തു വിദഗ്ധരടക്കമുള്ളവരുടെ പരിശോധനയിൽ

കെട്ടിടത്തിന് നൂറ്റാണ്ടുകൾ പഴക്കമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് പഴയ ടൈലുകളും മറ്റുമടക്കമുള്ളവ ഉപയോഗിച്ച് പുന: നിർമാണം നടത്താതിരുന്നതത്രേ. ആദ്യ നിർമാണത്തിനും ശേഷം ഇന്നിസ് റസ്റ്റ് ഹൗസിൽ പലപ്പോഴും പുതിയ കെട്ടിടനിർമാണ സാമഗ്രികൾ ഉപയോഗിച്ച്

നവീകരണം നടന്നതായാണ് പുരാവസ്തു ശാസ്ത്രജ്ഞരുടെ പഠനത്തിൽ കണ്ടെത്തിയത്. എന്നാൽ പുതുക്കിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും സി.ഏ ഇന്നിസ് റസ്റ്റ് ഹൗസ് എന്ന പഴയ ശിലാഫലകം തന്നെ സ്ഥാപിച്ച് പഴമയുടെ തുടർച്ച നിലനിർത്തുവാനാണ് അധികൃതരുടെ ഇപ്പോഴത്തെ ആലോചന. ഇടയ്ക്ക് നഗരത്തിലെ ഒരു ബസ്സിരിപ്പു കേന്ദ്രം തകർന്നതോടും കൂടി പഴയ ഇന്നിസ് റെസ്റ്റ് ഹൗസ് പൂർണമായി മാറ്റി പണിയുവാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

ഈ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തൊട്ട് മുൻവശത്തുള്ള 1908-ൽ സ്ഥാപിതമായ പ്രിൻസസ് ഓഫ് വെയിൽസ് ഡിസ്പെൻസറിയും കഴിഞ്ഞ വർഷമാണ് കോഴിക്കോട് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പൂർണമായി പൊളിച്ച് പുതുക്കി പണിതത്. വെയിൽസ് രാജകുമാരനും രാജകുമാരിയും നടത്തിയ ഇന്ത്യാസന്ദർശനത്തിൻ്റെ ഓർമ നിലനിർത്തുവാനാണ് കല്ലായി ഡിസ്പെൻസറി എന്ന പേരിലറിയപ്പെട്ടിരുന്ന ഈ ആശുപതി കെട്ടിടം പേര്മാറ്റി പുനർ നാമകരണം ചെയ്തത്.

 ഇവിടെ പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ്റെ അലോപ്പതി, ഹോമിയോപ്പതി ഡിസ്പെൻസറികൾക്കായാണ് പുതിയ കോൺക്രീറ്റ് കെട്ടിടം പണിതത്. ബ്രിട്ടീഷ് മലബാർ കലക്ടറായിരുന്ന ഫ്രാൻസിസാണ് വെയിൽസ് ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തത്. 

പന്നിയാങ്കരയിലെ രണ്ട് ബ്രിട്ടീഷ് കാല ചരിത്രശേഷിപ്പുകൾ ഇല്ലാതായെങ്കിലും ചുമടുമായി പോകുന്നവർക്ക് , തങ്ങളുടെ ചുമടുകൾ അല്പം ഇറക്കി വെച്ച് വിശ്രമിക്കുവാനായി നൂറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ പാതയോരങ്ങളിലെല്ലാം വ്യാപകമായിരുന്ന അത്താണി അഥവാ ചുമടുതാങ്ങി, ഇപ്പോഴും ഇവിടത്തെ റോഡോരത്തുണ്ട്. മിസിസ്സ് ഏ.ആർ. ഇന്നിസിൻ്റെ പേരിലുള്ളതാണ് ഈ അത്താണി.

Follow us on :

More in Related News