Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 19:18 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച ഈ വർഷത്തെ യുവജനോത്സവത്തിലെ കലാമത്സരങ്ങൾക്ക് ആവേശകരമായ സമാപനം. ഒക്ടോബർ 23, 24, 30, 31 തീയതികളിലായി ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിലും മത്രയിലെ സബലത്ത് ഹാളിലുമായി നടന്ന മത്സരങ്ങളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 800ലേറെ കലാപ്രതിഭകൾ പങ്കെടുത്തു.
കുട്ടികളും മുതിർന്നവരുമടക്കം നൂറുകണക്കിന് മത്സരാർത്ഥികൾ മാറ്റുരച്ച യുവജനോത്സവത്തിന് സാക്ഷ്യം വഹിക്കാൻ രക്ഷിതാക്കൾ, അധ്യാപകർ, കലാസ്വാദകർ എന്നിവരടക്കം നൂറുകണക്കിനാളുകളും എത്തിയിരുന്നു. സബ്ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ എന്നീ നാല് വിഭാഗങ്ങളിലായി 55ലേറെ ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.
2001 മുതൽ കേരള വിഭാഗം തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന യുവജനോത്സവത്തിന് ഒമാനിലെ മലയാളി സമൂഹത്തിൽ ലഭിച്ചുവരുന്ന വലിയ സ്വീകാര്യത വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ പങ്കാളിത്തം. ചില മത്സര ഇനങ്ങളിൽ 40ലേറെ മത്സരാർത്ഥികൾ വരെ പങ്കെടുത്തു. കേരളനടനം, കഥാപ്രസംഗം, ടാബ്ലോ തുടങ്ങിയ ഇനങ്ങളിൽ ഇത്തവണ ശ്രദ്ധേയമായ മത്സരങ്ങളാണ് നടന്നത്.
രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച മത്സരങ്ങൾ വിവിധ വേദികളിലായി രാത്രി ഏറെ വൈകിയും നീണ്ടുനിന്നു. ഓരോ മേഖലയിലും പ്രാവീണ്യവും വൈദഗ്ധ്യവും തെളിയിച്ച പ്രമുഖ കലാകാരന്മാരാണ് മത്സരങ്ങളുടെ വിധികർത്താക്കളായി എത്തിയത്. മത്സരാർത്ഥികളുടെ മികച്ച പ്രകടനങ്ങളും കടുത്ത മത്സരവും യുവജനോത്സവത്തിന് കൂടുതൽ മികവേകി.
അവസാന ദിവസത്തെ മത്സരങ്ങൾക്കുശേഷം നടന്ന സമാപന ചടങ്ങിൽ വിധികർത്താക്കൾക്കുള്ള കേരള വിഭാഗത്തിന്റെ സ്നേഹോപഹാരങ്ങൾ കൺവീനർ അജയൻ പൊയ്യാറയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനിച്ചു.
നാട്ടിലെ യുവജനോത്സവ വേദികളിൽ പോലും കാണാൻ കഴിയാത്തത്ര ശക്തമായ മത്സരമാണ് ഒമാനിലെ ഈ യുവജനോത്സവത്തിൽ അനുഭവപ്പെട്ടതെന്ന് വിധികർത്താക്കൾ സമാപന ചടങ്ങിൽ അഭിപ്രായപ്പെട്ടു. മത്സരാർത്ഥികളുടെ നിലവാരത്തെയും പങ്കാളിത്തത്തെയും അവർ പ്രത്യേകം അഭിനന്ദിച്ചു.
യുവപ്രതിഭകൾക്ക് തങ്ങളുടെ കലാവാസനയും കഴിവുകളും പ്രകടിപ്പിക്കാനും അവയ്ക്ക് അംഗീകാരം നേടാനുമുള്ള മികച്ച വേദിയായി മാറിയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ അടുത്ത ദിവസം തന്നെ സംഘടിപ്പിക്കുമെന്ന് കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
Please select your location.