Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ്‌ സർക്കാർ അഴിമതിനിറഞ്ഞ വൈദ്യുതി കരാറുകളിൽനിന്ന്‌ പിൻവാങ്ങണം: സിഐടിയു

08 Nov 2026 22:56 IST

CN Remya

Share News :

കോട്ടയം: വൻ വിലവർധനവിന്‌ കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽനിന്ന്‌ യുഡിഎഫ്‌ സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അഴിമതി നിറഞ്ഞ വൈദ്യുതി വാങ്ങൽ കരാർ കെഎസ്ഇബിയെ സ്വകാര്യവൽക്കരിക്കാനുള്ള അജണ്ടയാണ്‌. കഴിഞ്ഞ 10 വർഷം പവർകട്ടും ലോഡ് ഷെഡിംഗും ഇല്ലാതെ കേരളത്തെ സംരക്ഷിച്ചു എൽഡിഎഫ് സർക്കാർ. കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കൂടിയ വിലയ്ക്ക് സ്വകാര്യ കമ്പനികളിൽ നിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വൈദ്യുതി വാങ്ങി ഉപഭോക്താക്കളെ കൊള്ളയടിക്കാനും വൈദ്യുതി ബോർഡിനെ തകർത്ത് സ്വകാര്യവൽക്കരിക്കാനുമാണ് യുഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാർനടപ്പാക്കിയ ബദൽ സ്മാർട്ട് മീറ്റർ പദ്ധതിയായ ‘ക്യാപെക്സ് മോഡൽ' സ്മാർട്ട് മീറ്റർ പദ്ധതിയും അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. വൈദ്യുതി ബോർഡ് സ്വകാര്യവൽക്കരിക്കപ്പെട്ടാൽ 40 യൂണിറ്റ് വരെ ഇപ്പോൾ നൽകുന്ന സൗജന്യ വൈദ്യുതിയും ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യ നിരക്കും കൃഷിക്ക് നൽകുന്ന സൗജന്യവും പൂർണമായും ഇല്ലാതാകും. വൻ വൈദ്യുതി വിലവർധനവിനും കാരണമാകും. ദേശീയ വൈദ്യുതി കമ്പോളത്തിൽ നിന്ന് പീക്ക് സമയത്ത് അടക്കം കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കും എന്നിരിക്കെ, റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാതെ ടെൻഡർ പോലും വിളിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ശ്രമമാണ് നടത്തുന്നത്. വൈദ്യുതി ബോർഡ് മാനേജ്മെന്റും ചെയർമാനും ജിഎൻഎ കരാർ വലിയ നഷ്ടത്തിന് കാരണമാകും എന്ന് റിപ്പോർട്ട് നൽകിയിട്ടും അഴിമതി ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും സർക്കാരും മുന്നോട്ട് പോവുകയാണ്. എസ് ഹരിലാൽ പ്രമേയം അവതരിപ്പിച്ചു.

സ്‌കീം മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കണം. രാജ്യത്തെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര വിതരണം, ശിശുസംരക്ഷണം, മാതൃസംരക്ഷണം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ നിർണായക സേവനങ്ങൾ നിർവഹിക്കുന്നവരാണ് സ്‌കീം തൊഴിലാളികൾ. അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ, ദേശീയ സമ്പാദ്യപദ്ധതി എന്നീ നാല് പ്രധാന സ്കീം മേഖലയിൽ സംസ്ഥാനത്ത് 1,09,532 പേർ തൊഴിലെടുക്കുന്നു. രാജ്യത്ത്‌ ഒന്നരക്കോടിയോളം വരും. സ്കീം തൊഴിലാളികൾ കടുത്ത അവഗണനയിലാണ്‌. തൊഴിൽ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും മേലുദ്യോഗസ്ഥരുടെ പീഡനവും അനുഭവിക്കേണ്ടി വരുന്നു. ഉപയോഗ്യമായ ഉപകരണങ്ങൾ നൽകാതെ ഉത്തരവാദിത്വങ്ങൾ മുഴുവൻ തൊഴിലാളികളിൽ അടിച്ചേൽപ്പിക്കുന്നു.

നാമമാത്രമായ ഓണറേറിയവും ഇൻസന്റീവുകളും മാത്രമാണ് പല വിഭാഗങ്ങൾക്കും ലഭിക്കുന്നത്. ഇവരെ തൊഴിലാളികളായി അംഗീകരിച്ച്‌ തൊഴിൽനിയമങ്ങളുടെ പരിരക്ഷ ഉറപ്പാക്കണം. 45–-ാം ഐഎൻസിയുടെ നിർദേശങ്ങൾ അംഗീകരിച്ച് നടപ്പാക്കണം. ഗ്രാറ്റിവിറ്റിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കണം. എല്ലാ സ്കീം തൊഴിലാളികൾക്കും മിനിമം വേതനവും സാമൂഹ്യസുരക്ഷ ആനുകൂല്യങ്ങളും ഉറപ്പാക്കണം. മതിയായ തുക കേന്ദ്ര- സംസ്ഥാന ബജറ്റുകളിൽ ഉൾപ്പെടുത്തണം.

ആരോഗ്യ-പോഷകാഹാര- വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ പരിപാടികൾ സമൂഹത്തിന്റെ അടിത്തട്ടുവരെ എത്തിക്കാൻ പദ്ധതികളുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സ്കീം തൊഴിലാളികളുടെ അധ്വാനത്തെ അംഗീകരിക്കാനും മാന്യമായവേതനവും തൊഴിൽസുരക്ഷയും സാമൂഹ്യനീതിയും ഉറപ്പാക്കാനും കേന്ദ്ര-, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പി പി പ്രേമ പ്രമേയം അവതരിപ്പിച്ചു.

Follow us on :

More in Related News