Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഐടിയു സംസ്ഥാന സമ്മേളനം: തിങ്കളാഴ്ച അക്ഷരനഗരി ചെമ്പടലാകും; പൊതുസമ്മേളനം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

08 Nov 2026 23:43 IST

CN Remya

Share News :

കോട്ടയം: സിഐടിയു 16–ാം സംസ്ഥാന സമ്മേളനത്തിന്‌ സമാപനംകുറിച്ചുള്ള റാലിക്ക്‌ കോട്ടയം നഗരം ഒരുങ്ങി. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിൽ വി എസ്‌ അച്യുതാനന്ദൻ നഗറിൽ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന റാലിയിൽ ലക്ഷം തൊഴിലാളികൾ അണിനിരക്കും. തൊഴിലാളിവർഗ പോരാട്ടത്തിൽ പുതിയ അധ്യായംതീർത്ത്‌ സമാപിക്കുന്ന സമ്മേളനം നഗരത്തിൽ ആവേശക്കടൽ തീർക്കും.

വൈകിട്ട്‌ നാലിന്‌ സമ്മേളന പ്രതിനിധികൾ ജാഥയായി മൈതാനത്തേക്ക്‌ നീങ്ങും. 16 ബുള്ളറ്റ്‌ മോട്ടോർ സൈക്കിളുകളിൽ ചെങ്കൊടിയേന്തിയ വളന്റിയർമാർ അനുഗമിക്കും. ഒപ്പം ബാൻഡ്‌മേളത്തിന്റെ അകമ്പടിയോടെയും വളന്റിയർമാർ അണിനിരക്കും. കെ കെ റോഡ്‌വഴി സെൻട്രൽ ജങ്ഷനിലെത്തി, വൈഎംസിഎ ജങ്ഷനിലെത്തി, ശാസ്ത്രി റോഡിൽകൂടി കിഴക്കോട്ട് സഞ്ചരിച്ച് മുനിസിപ്പൽ പാർക്കിന് പടിഞ്ഞാറുവശം കുര്യൻ ഉതുപ്പ് റോഡ് വഴി നെഹ്‌റു സ്‌റ്റേഡിയത്തിൽ പ്രവേശിക്കും. ഐക്യത്തിലൂടെ തൊഴിലാളിവർഗ പോരാട്ടം എന്ന സന്ദേശം മുഴക്കി എല്ലാ തൊഴിൽമേഖലയിലുമുള്ളവർ റാലിയിൽ പങ്കെടുക്കും. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

പൊതുസമ്മേളന നഗരിയിലേക്ക്‌ വാഹനങ്ങളിൽ വരുന്നവർ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നവിധം റോഡരികിൽ നിർത്തി ആളെയിറക്കി വാഹനങ്ങൾ ദൂരെ പാർക്ക് ചെയ്യണം. വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ നാഗമ്പടം ഓവർബ്രിഡ്‌ജ് കടന്ന് ബേക്കർ ജങ്ഷൻ ഭാഗത്ത് എത്തുന്നതിന് മുമ്പ്‌ വശം ചേർത്ത് നിർത്തി ആളെയിറക്കിയശേഷം എംസി റോഡിൽ കോടിമതയ്ക്കുശേഷം ഈരയിൽക്കടവ് ബൈപാസ്, പാറോച്ചാൽ ബൈപാസ് ഉൾപ്പെടെ ചിങ്ങവനം വരെയുള്ള എംസി റോഡിൽ പാർക്ക് ചെയ്യണം.

ഏറ്റുമാനൂർ ഏരിയയിൽനിന്ന് വരുന്ന വാഹനങ്ങൾ നാഗമ്പടം പാലത്തിന് മുമ്പിൽ നിർത്തി ക്ഷേത്രമൈതാനത്ത്‌ വാഹനങ്ങൾ പാർക്ക് ചെയ്ത് ആളുകൾ നടന്ന് നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം.

ചങ്ങനാശേരിയിൽനിന്ന് വരുന്ന വാഹനങ്ങൾ ശീമാട്ടി റൗണ്ടാന ചുറ്റി ശാസ്ത്രി റോഡിലൂടെ മുനിസിപ്പൽ പാർക്കിന് കിഴക്ക് ഭാഗത്ത് ആളെയിറക്കി വാഹനങ്ങൾ കിഴക്കോട്ടുപോയി കൊല്ലാട്- പുതുപ്പള്ളി റോഡിൽ പാർക്ക് ചെയ്യണം. വാഴൂർ, കാഞ്ഞിരപ്പള്ളി, അയർക്കുന്നം, പുതുപ്പള്ളി ഏരിയകളിൽനിന്ന് വരുന്ന വാഹനങ്ങൾ കലക്ടറേറ്റ് ജങ്ഷനിൽനിന്ന് കുര്യൻ ഉതുപ്പ് റോഡിൽ കൂടി റെയിൽവേ ‌സ്റ്റേഷൻ റോഡിലെത്തി കിഴക്കോട്ട് പോയി മണർകാട് ഭാഗത്ത് പാർക്ക് ചെയ്യണം.

റാലിക്കെത്തുന്ന ചെറിയ വാഹനങ്ങൾ പോപ്പ് മൈതാനത്ത് പാർക്ക്‌ ചെയ്യാം. അതോടൊപ്പം സ്വർഗീയവിരുന്ന് മൈതാനം, നാഗമ്പടം ബസ്‌സ്‌റ്റാൻഡ്‌ ഭാഗങ്ങളും ഉപയോഗിക്കേണ്ടതാണ്. കുര്യൻ ഉതുപ്പ് റോഡിലോ, റെയിൽവേ സ്‌റ്റേഷൻ റോഡിലോ ഒരു വാഹനവും പാർക്ക് ചെയ്യരുത്‌.

Follow us on :

More in Related News