Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2026 21:53 IST
Share News :
കടുത്തുരുത്തി: പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ കോട്ടയം ജില്ലയ്ക്ക് വിപുലമായ സാധ്യതകളുണ്ടെന്ന് ഭവന നിർമാണ-ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ജില്ലാതല ആശയ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലടക്കം പ്രവാസികളെ ഉൾപ്പെടുത്തി നിരവധി പദ്ധതികൾ ജില്ലയിൽ നടപ്പാക്കാൻ കഴിയും .എല്ലാ ജില്ലകളിലെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരിക്കുകയാണു ലക്ഷ്യം.
വിവിധ വകുപ്പുകളിൽ പദ്ധതികൾ അംഗീകരിക്കുന്നതിൽ മാത്രം ആസൂത്രണം ഒതുങ്ങരുത്. കാലഘട്ടത്തിനുസരിച്ച് നടപ്പാക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ പരിശോധിച്ച് അതത് വകുപ്പ് മന്ത്രിമാർ ആസൂത്രണ ബോർഡുമായി ആശയവിനിമയം നടത്തി മുൻഗണനകൾ നിശ്ചയിക്കണം. ഓരോ നിയമസഭാ മണ്ഡലത്തിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ സംഘടിപ്പിച്ച് വികസന നിർദേശങ്ങൾ സ്വരൂപിക്കണം. ഏറ്റവും കൂടുതൽ പേർ നഴ്‌സിംഗ് പഠനം തെരഞ്ഞെടുക്കുന്ന ജില്ലയാണു കോട്ടയം. സംസ്ഥാനത്തു കൂടുതൽ നഴ്‌സിംഗ് കോളജുകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ജില്ലയ്ക്കും മികച്ച പരിഗണന ലഭിക്കണം. ടൂറിസം, കാർഷിക മേഖല, റബർ അധിഷ്ഠിത വ്യവസായങ്ങൾ, സഹകരണ മേഖല, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ ജില്ലയ്ക്ക് മുന്നേറാൻ കഴിയും. റബർ ഉത്പ്പാദനത്തിനൊപ്പം മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമാണത്തിനും വിപണനത്തിനും കൂടുതൽ പ്രാധാന്യം നൽകണം. സർക്കാർ, പൊതു- സഹകരണ മേഖല എന്നിവയുടെ കീഴിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള ആസ്തികൾ കണ്ടെത്തി അവയുടെ സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ നടന്ന പരിപാടിയിൽ നാട്ടകം സുരേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖരൻ ആമുഖ പ്രഭാഷണം നടത്തി.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, എംഎൽഎമാരായ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, റോണി കെ. ബേബി, കെ. ബിനിമോൻ, വിനു ജോബ് കുഴിമണ്ണിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോ. പി.പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും വിവിധ മേഖലകളിലെ വിദഗ്ധരും ആശയങ്ങൾ പങ്കുവച്ചു.
Follow us on :
Tags:
More in Related News
Please select your location.