Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷന്റെ ഇടപെടൽ; ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായ ഭിന്നശേഷിക്കാരിയായ മലയാളി യുവതിക്ക് തുണയായി

10 Aug 2026 08:55 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് സന്ദർശക വിസയിൽ എത്തിച്ച ശേഷം തൊഴിൽ നൽകാതിരിക്കുകയും, ജോലി ചെയ്ത കാലയളവിലെ വേതനം പോലും നൽകാതെ നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് യുവതി തന്നെ വഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ റൂവി മലയാളി അസോസിയേഷന്റെ ഇടപെടൽ. ഭിന്നശേഷിക്കാരിയായ തിരുവനന്തപുരം സ്വദേശിനിക്കാണ് റൂവി മലയാളി അസോസിയേഷന്റെ ഇടപെടലിനെ തുടർന്ന് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്.

കേരളത്തിലെ ഒരു ഏജന്റ് മുഖേന ഒമാനിൽ പ്രതിമാസം 30,000 രൂപയോളം ശമ്പളമുള്ള ഹൗസ്‌മെയ്ഡ് ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ സന്ദർശക വിസയിൽ ഒമാനിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഒമാനിലെത്തിയ ശേഷം വാഗ്ദാനം ചെയ്ത ജോലി നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയും, വിസാ ചെലവും മടക്കയാത്രാ ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവുകളും യുവതി തന്നെ വഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഒന്നര മാസത്തോളം ജോലി ചെയ്തിട്ടും വേതനം ലഭിച്ചില്ലെന്നും, ഏകദേശം 50,000 രൂപ നൽകി മടക്ക ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും യുവതി റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവയെ നേരിട്ട് ബന്ധപ്പെടുകയും തന്റെ ദുരവസ്ഥ അറിയിക്കുകയും ചെയ്തു.

യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമാന രീതിയിൽ മറ്റ് യുവതികളെയും വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടാകാമെന്ന ഗുരുതരമായ ആരോപണവും സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് ഫൈസൽ ആലുവ കേരളത്തിലെ ബന്ധപ്പെട്ട ഏജന്റുമായി ഫോണിൽ ബന്ധപ്പെടുകയും, യുവതിയുടെ സുരക്ഷ ഉറപ്പാക്കുകയും ഉത്തരവാദിത്തപ്പെട്ടവർ തന്നെ മടക്കയാത്രയ്ക്കുള്ള ക്രമീകരണം നടത്തണമെന്നും ആവശ്യപ്പെട്ടു. അല്ലെങ്കിൽ നിയമപരമായി നടപടി എടുക്കാൻ ഞങ്ങൾ തയ്യാറാകുമെന്നും അറിയിച്ചു എന്നാൽ താൻ മറ്റൊരു ഏജന്റിന് കൈമാറിയതാണെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്നുമായിരുന്നു ഏജന്റിന്റെ മറുപടി. ഇതോടെ സംഭവത്തിന് പിന്നിൽ കൂടുതൽ പേരുടെ ഇടപെടലുണ്ടോയെന്ന സംശയവും ഉയർന്നു.

വിഷയം ഗൗരവമായി കണക്കിലെടുത്ത് റൂവി മലയാളി അസോസിയേഷൻ ഉടൻ തന്നെ കേരള മുഖ്യമന്ത്രിക്കും, നോർക്ക റൂട്ട്സ് സിഇഒക്കും പരാതി നൽകി.

നേരത്തെ ഒമാനിലെ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് റൂവി മലയാളി അസോസിയേഷൻ നൽകിയ പരാതിയും സംസ്ഥാന സർക്കാരിന്റെ പ്രവാസി ലീഗൽ സെല്ലിന് കൈമാറിയിരുന്നു. പ്രസ്തുത വിഷയത്തിൽ കേരളത്തിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, പുതിയ പരാതിയും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

റൂവി മലയാളി അസോസിയേഷൻ നൽകിയ പരാതി നോർക്ക റൂട്ട്സ് തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ നോർക്ക അതോറിറ്റി വഴി തുടർനടപടികൾക്കായി കൈമാറുകയും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് എൻ ആർ ഐ സെല്ലിലെ പോലീസ് സൂപ്രണ്ടിനും പരാതി കൈമാറുകയും ചെയ്തു.

പരാതി നൽകിയ വിവരം അറിഞ്ഞതിനെ തുടർന്ന് ബന്ധപ്പെട്ട ഏജന്റ് യുവതിയെ വീണ്ടും ബന്ധപ്പെടുകയും, വിസയുടെയും ടിക്കറ്റിന്റെയും ചെലവ് യുവതി തന്നെ വഹിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടതായും പറയുന്നു. തുടർന്ന് യുവതി വീണ്ടും റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവയെ ബന്ധപ്പെട്ടു.

“ഒരു കാരണവശാലും സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കേണ്ടതില്ല. നിങ്ങളെ ഒമാനിലേക്ക് കൊണ്ടുവന്നവരാണ് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് നൽകേണ്ടത്. നിങ്ങൾ ജോലി ചെയ്തിട്ടും വേതനം ലഭിച്ചിട്ടില്ലെങ്കിൽ അതും നിയമപരമായി ചോദ്യം ചെയ്യണം. നിങ്ങളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടി സംഘടന ഒപ്പമുണ്ടാകും,” എന്ന് ഫൈസൽ ആലുവ യുവതിക്ക് ഉറപ്പ് നൽകി.

തുടർന്നുള്ള ഇടപെടലുകളുടെ ഭാഗമായി ഏജന്റ് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് നൽകാൻ തയ്യാറാവുകയും എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് നൽകുകയും ചെയ്തു. യുവതിയുടെ പാസ്‌പോർട്ടും തിരികെ കൈമാറി.

തുടർന്ന് റൂവി മലയാളി അസോസിയേഷൻ്റെ പ്രതിനിധികൾ ആവശ്യമായ സഹായങ്ങൾ നൽകി യുവതിയെ വിമാനത്താവളത്തിലെത്തിക്കുകയും സുരക്ഷിതമായി നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു.

സംഭവം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും, പ്രവാസി മലയാളികളെ സന്ദർശക വിസയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും റൂവി മലയാളി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രത്യേകിച്ച് സ്ത്രീകളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ഇത്തരം തൊഴിൽ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

“വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സന്ദർശക വിസയിൽ എത്തിക്കുകയും പിന്നീട് തൊഴിൽ നൽകാതിരിക്കുകയും വേതനം നൽകാതിരിക്കുകയും ചെയ്യുന്ന രീതികൾക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകണം. ഈ യുവതിക്ക് ആവശ്യമായ സഹായം നൽകുക എന്നത് മാത്രമല്ല, സംഭവത്തിന് പിന്നിലുള്ള യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാനും ഉത്തരവാദികളായവർക്കെതിരെ നിയമനടപടി ഉറപ്പാക്കാനും റൂവി മലയാളി അസോസിയേഷൻ തുടർന്നും ഇടപെടും,” എന്ന് റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ട്രഷറർ സുജിത് പത്മകുമാർ എന്നിവർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളും പരാതികളും ബന്ധപ്പെട്ട സർക്കാർ, പോലീസ്, നോർക്ക അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും റൂവി മലയാളി അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

വിദേശത്ത് ജോലി തേടുന്നവർ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിയും നിയമാനുസൃത തൊഴിൽ വിസയിലൂടെയും മാത്രമേ യാത്ര ചെയ്യാവൂ. സന്ദർശക വിസയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും റൂവി മലയാളി അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

Follow us on :

More in Related News