Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 12:39 IST
Share News :
നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ്, ജയസൂര്യ അടക്കമുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റുകയാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നുമാണ് നടി ഇപ്പോള്‍ വ്യകതമാക്കുന്നത്.
താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ബലാത്സംഗ കേസിലും സ്ത്രീത്വത്തോട് അപമര്യാദയായി പെരുമാറിയെന്ന കേസിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പരാതി പിന്‍വലിക്കുമെന്ന നടപടിയുടെ പ്രഖ്യാപനമുണ്ടായത്. നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാരും മാധ്യമങ്ങളും ഒപ്പം നിന്നില്ലെന്നും അതിനാല്‍ മനം മടുത്ത് പരാതി പിന്‍വലിക്കുക ആണെന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്.
പരാതിയില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച് എസ്‌ഐടിക്ക് കത്ത് നല്‍കുമെന്നും നടി പറഞ്ഞിരുന്നു. തന്നെ കേള്‍ക്കാന്‍ പോലും അന്വേഷണ സംഘം തയാറാകില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസില്‍ പൊലീസ് നേര്‍വഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ കുടുംബം ധൈര്യം നല്‍കിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.