Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ പഴയകാല വ്യാപാരി നിര്യാതനായി

28 Oct 2026 05:58 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: സുഖ് മവേലയിലെ പഴം-പച്ചക്കറി മാർക്കറ്റിലെ പഴയകാല വ്യാപാരിയും കണ്ണൂർ പൊന്നിയം ശ്രാമ്പി സ്വദേശിയുമായ അഷറഫ് (64) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഒമാനിൽ 43 വർഷം നീണ്ട പ്രവാസജീവിതം നയിച്ച അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു.

മത്സ്യവ്യാപാരത്തിലൂടെ കച്ചവടരംഗത്തേക്ക് കടന്നുവന്ന അഷറഫ് പിന്നീട് സീബ് സുഖിൽ പഴം-പച്ചക്കറി വ്യാപാരം ആരംഭിച്ചു. സുഖ് മവേല മാർക്കറ്റിന്റെ തുടക്കം മുതൽ മാർക്കറ്റ് ബർകയിലേക്ക് മാറുന്നതിന് തൊട്ടുമുമ്പ് വരെ അവിടെ സജീവമായി കച്ചവടം നടത്തി. തണ്ണിമത്തൻ, ഷമാം, തക്കാളി തുടങ്ങിയവയുടെ മൊത്തവ്യാപാരിയായിരുന്ന അദ്ദേഹം ഒമാനിലെ ഒട്ടേറെ കൃഷിത്തോട്ടങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

കച്ചവടരംഗത്തെ പ്രതിസന്ധികളിൽ തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറിയ അഷറഫ്, തമാശയും നർമവും കലർന്ന സംസാരശൈലിയിലൂടെ മാർക്കറ്റിലെ ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. സ്വദേശികളെപ്പോലെ അറബി ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന് ഒമാനികളുമായും അടുത്ത സൗഹൃദബന്ധങ്ങളുണ്ടായിരുന്നു.

നിരവധി പേരെ കച്ചവടരംഗത്തേക്ക് കൊണ്ടുവരാനും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സഹായം നൽകാനും അദ്ദേഹം മുന്നിട്ടിറങ്ങി. സഹപ്രവർത്തകരോട് ആദരവും ബഹുമാനവും പുലർത്തിയിരുന്ന അഷറഫ് സൗഹൃദങ്ങളെയാണ് പ്രവാസജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി കണ്ടിരുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിൽ എന്നും താൽപര്യം കാണിച്ചിരുന്ന അദ്ദേഹം സുഖ് മവേലയുടെ പഴയകാല ചരിത്രവും പ്രവാസജീവിതത്തിലെ അനുഭവങ്ങളും പങ്കുവെക്കുന്നതിലും സജീവമായിരുന്നു. 'കഥപറയുന്ന സൂഖ് മവാല' എന്ന വിഡിയോയിൽ മാർക്കറ്റിന്റെ ചരിത്രം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാര്യ: ലൈല. മകൾ: അസ്മില ഷെറിൻ. മരുമകൻ: വസീം (ഖത്തർ). മകൻ: അഷ്ഫിൽ (സൗദി അറേബ്യ).

പ്രവാസലോകത്ത് ഒട്ടേറെ സൗഹൃദങ്ങളും മറക്കാനാകാത്ത ഓർമകളും ബാക്കിവെച്ചാണ് പ്രിയപ്പെട്ട അഷറഫ് വിടവാങ്ങിയത്.

Follow us on :

More in Related News