Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാന്തപുരത്തെ സന്ദർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം; മർകസിൽ ഉജ്ജ്വല സ്വീകരണം

13 Sep 2026 22:23 IST

NewsDelivery

Share News :

കാന്തപുരം അബൂബക്കർ മുസ്ല്യാരെ കാണാൻ കോഴിക്കോട്ടെത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം കാരന്തൂർ മർകസിലെത്തി. അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്.

വൈകിട്ട് 5.40ഓടെ മർകസിലെത്തിയ അൻവർ ഇബ്രാഹീമിനെ മർകസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെയും സെക്രട്ടറി സി. മുഹമ്മദ് ഫൈസിയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി.

മർകസും മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയം, വിദ്യാഭ്യാസം, സാംസ്കാരികം, വൈജ്ഞാനികം എന്നീ മേഖലകളിലെ സഹകരണം, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

മാനുഷിക സേവനം, സാമൂഹിക പരിഷ്‌കരണം, വിദ്യാഭ്യാസ ഉന്നമനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ ചടങ്ങിൽ അൻവർ ഇബ്രാഹീമിന് കൈമാറി.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾക്കുള്ള ആദരസൂചകമായി ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ കയ്യെഴുത്തുപ്രതി കാന്തപുരം അൻവർ ഇബ്രാഹീമിന് സമ്മാനിച്ചു.

സ്വീകരണ ചടങ്ങിന് ശേഷം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത കാന്തപുരത്തിന്റെ അത്താഴ വിരുന്നിലും മലേഷ്യൻ പ്രധാനമന്ത്രി പങ്കെടുത്തു. രാത്രി 9.30ഓടെ കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സി.എം. വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദർശിച്ചു.

ഇത് രണ്ടാം തവണയാണ് അൻവർ ഇബ്രാഹീം കാന്തപുരത്തെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാകുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് 2022 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മർകസ് സന്ദർശനം. 2023ൽ മതപണ്ഡിതർക്കുള്ള മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം കാന്തപുരത്തിന് സമ്മാനിച്ചിരുന്നു.

കാന്തപുരത്തിന്റെ ആറ് പതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തെ ആദരിച്ച് മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ 2023, 2024, 2025 വർഷങ്ങളിൽ ക്വാലാലംപൂരിൽ ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങളും സംഘടിപ്പിച്ചിരുന്നു.

കേരള സന്ദർശനം ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വാണിജ്യം, വിനോദസഞ്ചാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, കണക്ടിവിറ്റി തുടങ്ങിയ മേഖലകളിൽ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് കേരളത്തിലെത്തുന്നതിന് മുമ്പ് അൻവർ ഇബ്രാഹീം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

സ്വീകരണ ചടങ്ങിലും കൂടിക്കാഴ്ചയിലും സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Follow us on :

More in Related News