Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2026 21:43 IST
Share News :
മസ്കറ്റ്: ഒമാനിലെ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ 172-ാമത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള യുവജനകാര്യ-കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് മുഖ്യപ്രഭാഷണം നടത്തി.
ഗുരുധർമ്മ പ്രചരണ സഭ പ്രസിഡന്റ് അഡ്വ. എം. കെ. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സിജുമോൻ സുകുമാരൻ സ്വാഗതം ആശംസിച്ചു. അഡ്വ. എം. കെ. റോയ് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പങ്കുവെച്ചു. രക്ഷാധികാരി ദിലീപ് കുമാർ ഓണാശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ബിജു സഹദേവൻ നന്ദി രേഖപ്പെടുത്തി.
മാവേലി മന്നന്റെ എഴുന്നള്ളത്ത്, താലപ്പൊലി, പുലിക്കളി, ചെണ്ടമേളം തുടങ്ങിയ നാടൻ കലാരൂപങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ഇന്ത്യൻ അംബാസഡറെയും മന്ത്രിയെയും സഭാ ഭാരവാഹികൾ സ്വീകരിച്ചത്.
രാവിലെ 11 മണിക്ക് ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിന് മുമ്പിൽ ദീപം തെളിയിച്ചും ദൈവദശക ആലാപനത്തോടെയുമാണ് പരിപാടികൾക്ക് തുടക്കമായത്. തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, വെസ്റ്റേൺ ഡാൻസ്, ദൈവദശകത്തെ ആസ്പദമാക്കിയ നൃത്താവിഷ്‌കാരം എന്നിവ ഉൾപ്പെടെ നിരവധി കലാപരിപാടികൾ അരങ്ങേറി.
“മദ്യം വിഷമാണ്; അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്” എന്ന ഗുരുദേവ സന്ദേശം പ്രമേയമാക്കി അനിൽ കടയ്ക്കാവൂർ സംവിധാനം ചെയ്ത ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി-ഡ്രാമയും ശ്രദ്ധേയമായി. 25-ഓളം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത അവതരണം പ്രേക്ഷകരുടെ പ്രത്യേക പ്രശംസ നേടി.
പ്രോഗ്രാം കൺവീനർ സുരേഷ് തേറമ്പിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് സഭയുടെ രക്ഷാധികാരി ദിലീപ് കുമാർ, പ്രസിഡന്റ് അഡ്വ. എം. കെ. പ്രസാദ്, ജനറൽ സെക്രട്ടറി സിജുമോൻ സുകുമാരൻ, ട്രഷറർ സുരേഷ് തേറമ്പിൽ, വൈസ് പ്രസിഡന്റ് ബിജു സഹദേവൻ, ജോയിന്റ് സെക്രട്ടറി സന്തോഷ് ചന്ദ്രൻ, കൗൺസിലർമാർ എം. എൻ. പ്രസാദ്, ഷിബു മോഹൻ, പ്രകാശ്, കെ. വി. മധു, കോ-ഓർഡിനേറ്റർമാരായ റെജി കളത്തിൽ, അനിൽ കുമാർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.