Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശഫലം : ചിത്രം ഇങ്ങനെ; യുഡിഎഫിന് നേട്ടം; മികച്ച തുടക്കവുമായി എൻഡിഎ

13 Dec 2025 18:07 IST

NewsDelivery

Share News :

30 വർഷം നീണ്ട കേരളത്തിലെ പഞ്ചായത്തിരാജ് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ യുഡിഎഫ്‌ ഉണ്ടാക്കിയ മികച്ച വിജയങ്ങളിലൊന്നാണിത്. 10 വർഷം നീണ്ട എൽഡിഎഫ് ഭരണമുണ്ടാക്കിയ വിരുദ്ധവികാരം സമർഥമായി മുതലെടുക്കാൻ യു.ഡി.എഫിനായി. ഇടതുമുന്നണി മന്നോട്ടുവെച്ച ക്ഷേമപെൻഷന് മുൻപത്തേതുപോലെയുള്ള പ്രഖ്യാപനങ്ങൾക്ക് വലിയ ചലനമുണ്ടാക്കാനായില്ലെന്നുമാത്രമല്ല, ശബരിമല സ്വർണപ്പാളി അടക്കമുള്ള വിഷയങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും ഫലം വ്യക്തമാക്കുന്നു. പൊതുവെ നോക്കിയാല്‍ ജില്ലകളുടെ കണക്കെടുത്താല്‍ കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫ് ചെറിയ പരിക്കുകളോടെയാണെങ്കിലും ആധിപത്യം നിലനിര്‍ത്തി. എറണാകുളം മലപ്പുറം ജില്ലകള്‍ ഏറക്കുറേ യുഡിഎഫ് തൂത്തുവാരി. പത്തനംതിട്ട, ഇടുക്കി, കോട്ടയം മധ്യകേരളം പോക്കറ്റിലാക്കിയ യുഡിഎഫിന്റെ ഏറ്റവും വലിയ മുന്നേറ്റങ്ങളില്‍ ഒന്ന് കോഴിക്കോട് ജില്ലയിലാണ്. 20 വര്‍ഷമായി കോണ്‍ഗ്രസിന് ഒരു എം.എല്‍.എ പോലുമില്ലാത്ത ജില്ലയില്‍ ഇത്തവണ ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനായി. കോര്‍പറേഷന്‍ കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടമായത്.

2020-ൽ ഉണ്ടായിരുന്ന മേൽക്കൈ എൽഡിഎഫിന് ഇത്തവണ നഷ്ടമായി. ആറിൽ നാല് കോർപറേഷനുകളും യു.ഡി.എഫ് പിടിച്ചു. മുനിസിപ്പാലിറ്റികളിൽ 54 എണ്ണം, ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം, ബ്ലോക്ക് പഞ്ചായത്തുകളിൽ 80 എണ്ണം, ഗ്രാമപഞ്ചായത്തുകളിൽ 500 എണ്ണം എന്നിങ്ങനെ യു.ഡി.എഫ് നേടി. എല്ലാ തലങ്ങളിലും എൽഡിഎഫിന് നഷ്ടങ്ങൾ മാത്രമാണ് ബാക്കി. എൻഡിഎയുടെ മുന്നേറ്റവും തദ്ദേശഫലം നൽകുന്ന വ്യക്തമായ സൂചനയാണ്. സംസ്ഥാനത്ത് ആദ്യമായി ഒരു കോർപറേഷൻ, തിരുവനന്തപുരം പിടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു. പഞ്ചായത്തുകളുടെ എണ്ണം ഇരട്ടിയാക്കാനും (24) അവർക്കായി. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി ഇത്തവണത്തെ ഫലം ചേർത്തുവെച്ച് പരിശോധിക്കാം-


കഴിഞ്ഞതവണ കണ്ണൂർ കോർപറേഷന്‍റെ മാത്രം ഭരണം ലഭിച്ച യുഡിഎഫിന് ഇക്കുറി എൽഡിഎഫിന്‍റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപറേഷനുകളുടെ ഭരണം പിടിക്കാൻകഴിഞ്ഞു. കോഴിക്കോട് കോർപറേഷൻ മാത്രമാണ് ഇത്തവണ എൽഡിഎഫിനൊപ്പം നിന്നത്. ഇതിൽ കൊല്ലത്ത് 13 സീറ്റുകൾ കൂടുതൽ പിടിച്ചാണ് കോൺഗ്രസ് ഭരണം ഉറപ്പിച്ചത്. കൊച്ചിയിൽ 15, തൃശ്ശൂർ ഒൻപത് എന്നിങ്ങനെ അധികസീറ്റുകൾ യുഡിഎഫ് പിടിച്ചു. കണ്ണൂരിലും സീറ്റ് നില കൂട്ടിയാണ് യുഡിഎഫ് വിജയത്തിന്റെ തിളക്കം കൂട്ടിയത്‌.


തിരുവനന്തപുരം കോർപറേഷനിൽ ചരിത്രപരമായ മുന്നേറ്റമുണ്ടാക്കാൻ ഇത്തവണ എൻഡിഎയ്ക്കായി. കഴിഞ്ഞതവണ 34 ഡിവിഷനുകൾ നേടി രണ്ടാം സ്ഥാനമുണ്ടായിരുന്ന എൻഡിഎ ഇത്തവണ പിടിച്ചത് 50 ഡിവിഷനുകളാണ്. 29 ഇടത്ത് എല്‍ഡിഎഫും 19 ഇടത്ത് യുഡിഎഫും വിജയിച്ചു. കഴിഞ്ഞതവണ 54 സീറ്റുകളുമായാണ് എല്‍ഡിഎഫ് തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിച്ചത്. ഇതുകൂടാതെ സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും എൻഡിഎ മുന്നേറ്റമുണ്ടാക്കിയതായാണ് ഫലം വ്യക്തമാക്കുന്നത്. രണ്ടുമുതൽ 16 വരെ സീറ്റുകളാണ് വിവിധ കോർപറേഷൻ ഡിവിഷനുകളിൽ എൻഡിഎ കഴിഞ്ഞ തവണത്തേക്കാൾ അധികമായി പിടിച്ചത്.


2020-ൽ എറണാകുളം, വയനാട്, മലപ്പുറം ജില്ലാപഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. അതില്‍ വയനാട് ടോസിലെ ഭാഗ്യത്തിലാണ് അന്ന് യുഡിഎഫിന് കിട്ടിയത്‌. ഇത്തണ കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലാപഞ്ചായത്തുകൾക്കൂടി യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് 11-ൽനിന്ന് കുത്തനെ ഏഴിലേക്ക് വീണു.


2020-ൽ ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 111 ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫാണ് ഭരിച്ചത്. ഇത്തവണ എൽഡിഎഫിന് 48 ബ്ലോക്ക് പഞ്ചയത്തുകളിലാണ് ഭരണം നഷ്ടമായത്. യുഡിഎഫിന് 79 ബ്ലോക്ക് പഞ്ചായത്തുകൾ ലഭിച്ചു. 39 സീറ്റുകൾ അധികം. 10 ബ്ലോക്ക് പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.


ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 504 ഇടത്ത് യുഡിഎഫ് ഭരണം പിടിച്ചു. 2020-ൽ ലഭിച്ച 351 പഞ്ചായത്തുകളിൽനിന്നാണ് യുഡിഎഫിന്‍റെ കുതിപ്പ്. കഴിഞ്ഞതവണ 517 പഞ്ചായത്തുകൾ നേടിയ എൽഡിഎഫ് 341 സീറ്റുകളിലേയ്ക്ക് കൂപ്പുകുത്തി. എൻഡിഎ 12 പഞ്ചായത്തിൽനിന്ന് 25 പഞ്ചായത്തിലേക്ക് സ്വാധീനം ഉയർത്തി. 70 ഇടങ്ങളിൽ സമനിലയാണ്.


ഗ്രാമപഞ്ചായത്തിൽ 367 ഇടത്തും ബ്ലോക്ക് പഞ്ചായത്തിൽ 75, ജല്ലാപഞ്ചായത്തിൽ ഏഴ്, മുനിസിപ്പാലിറ്റി 40, കോർപറേഷൻ മൂന്ന് എന്നിങ്ങനെയും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫ് നേടിയിട്ടുള്ളത്. എൽഡിഎഫ് ഇത് യഥാക്രമം 239, 54, ആറ്, 16, ഒന്ന് എന്നിങ്ങനെയാണ്. എൻഡിഎ അഞ്ച് പഞ്ചായത്തുകളിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. ഭരണം നേടാനുള്ള വ്യക്തമായ ഭൂരിപക്ഷം നേടാത്ത 322 പഞ്ചായത്തുകളും 23 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 31 മൂന്ന് കോർപറേഷനുകളുമാണുള്ളത്

Follow us on :

More in Related News