Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ മണ്ഡലത്തിൽ വാഗ്ദാനങ്ങളിൽ 95 ശതമാനവും നിറവേറ്റി-മന്ത്രി വി.എൻ. വാസവൻ

15 Jan 2026 19:54 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ നിയമസഭാ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തത വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ 95 ശതമാനവും പൂർത്തീകരിച്ചതായി മണ്ഡലത്തിന്റെ എംഎൽഎ കൂടിയായ സഹകരണ-തുറമുഖം-ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 2021 മുതൽ ഇതുവരെ മണ്ഡലത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന പ്രോഗ്രസ് റിപ്പോർട്ട് മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം ജനസമക്ഷം അവതരിപ്പിച്ചു.

ഉത്പാദനം, പശ്ചാത്തല വികസനം, സേവനം എന്നീ വിഭാഗങ്ങളിലായി നടപ്പാക്കിയ പ്രവർത്തനങ്ങൾ വിശദമാക്കുന്ന 112 പേജുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. ക്യു ആർ കോഡ് മുഖേന ഡിജിറ്റൽ പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്.

ശേഷിക്കുന്ന വികസന, ക്ഷേമ പ്രവർത്തനങ്ങൾ മാർച്ച് മാസത്തോടെ പൂർത്തീകരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. മണ്ഡലത്തിൽ ഏറ്റവുമധികം വികസന പ്രവർത്തനങ്ങൾ നടന്നത് കോട്ടയം മെഡിക്കൽ കോളേജിലാണ്.

89 പദ്ധതികളിലൂടെ 1165 കോടി രൂപയുടെ വികസനമാണ് കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇവിടെ നടപ്പാക്കിയത്. ഇക്കാലയളവിൽ ദേശീയ, രാജ്യാന്തര തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനും മെഡിക്കൽ കോളജിന് സാധിച്ചു.

എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കിയ മണ്ഡലമായി ഏറ്റുമാനൂരിനെ ഉടൻ പ്രഖ്യാപിക്കും. മണ്ഡലത്തിൽ 121.825 കിലോമീറ്റർ റോഡുകൾ ബി.എം.ബി.സി. നിലവാരത്തിലാക്കി. പട്ടിത്താനം-മണർകാട് ബൈപാസ്, കാരിത്താസ്-അമ്മഞ്ചേരി റോഡ്, കൈപ്പുഴ ചർച്ച്-പള്ളിത്താഴെ റോഡ്, അടിച്ചിറ-മാന്നാനം റോഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മെഡിക്കൽ കോളജ്-ഗാന്ധിനഗർ റോഡ് ഉൾപ്പെടെ ഏഴു റോഡുകളുടെ പുനർനിർമാണ പ്രവർത്തനങ്ങൾ റീബിൽഡ് കേരള പദ്ധതിയിൽ 122 കോടി രൂപ ചെലവിട്ട് പൂർത്തീകരിച്ചു.

ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണത്തിന് തുടക്കം കുറിച്ചു. ഇതിനായി രണ്ടു ഘട്ടങ്ങളിലായി 32 കോടി രൂപ അനുവദിച്ചു. കർഷകരുടെ ഉന്നമനത്തിനായി 2021-25 കാലഘട്ടത്തിൽ വിവിധ പദ്ധതികൾ വഴി 89.07 കോടി രൂപ ചിലവിട്ടു

കാരിത്താസ് മേൽപ്പാലം, കുമരകം കോണത്താറ്റ് പാലം, അതിരമ്പുഴ ജംഗ്ഷൻ നവീകരണം എന്നിവ അഭിമാനകരമായ നേട്ടങ്ങളാണ്. പരിപ്പ് - തൊള്ളായിരം റോഡ്, മാന്നാനം പാലം എന്നിവയുടെ നിർമാണം ആരംഭിക്കാനായി.

രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നായി എം.ജി. സർവകലാശാല മാറിയതിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ ഉയർത്താൻ എൽ.ഡി.എഫ്. സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമായതായി മന്ത്രി പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയിൽ മണ്ഡലത്തിലെ 595 കുടുംബങ്ങൾക്ക് വീട് നൽകി. 325 വീടുകൾ നിർമാണ ഘട്ടത്തിലാണ്. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിട്ടുള്ള കുമരകം ഉത്തരവാദിത്ത ടൂറിസം മേഖലയിലെ അന്താരാഷ്ട്ര പരിശീലന കേന്ദ്രമായും മാറി.

മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഉൾപ്പെടെ മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ കായിക അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാൻകഴിഞ്ഞു. എം.ജി സർവകലാശാലയിലെ സൂസൻ മേബിൾ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്‌പോർടസ് കോംപ്ലക്‌സ് പദ്ധതിക്ക് 47.81 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

മണ്ഡലത്തിലെ വികസന പദ്ധതികളിൽ പലതും നടപ്പാക്കിയത് കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ്. ആരോഗ്യ മേഖലയിൽ മാത്രം 433.52 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി തുക അനുവദിച്ചതായി മന്ത്രി അറിയിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ് അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മുൻ എം.എൽ.എമാരായാ വൈക്കം വിശ്വൻ,സ്റ്റീഫൻ ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, കെ.ഐ. കുഞ്ഞച്ചൻ, രാജീവ് നെല്ലിക്കുന്നേൽ, ജോസ് ഇടവഴിക്കൽ, വ്യാപാരി സംഘടനാ പ്രതിനിധികളായ എൻ.വി. തോമസ്, ഇ.എസ്. ബിജു, ജില്ലാ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ, ഫാ. മാണി പുതിയിടം, ഫാ. ജെയിംസ് മുല്ലശ്ശേരിൽ, ഫാ. ബിനു കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

*പ്രോഗ്രസ് റിപ്പോർട്ട് ഉത്തരവാദിത്വം- മന്ത്രി വി.എൻ. വാസവൻ*

വാഗ്ദാനങ്ങൾ നിറവേറ്റി അതിന്റെ വിശദാംശങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമാണെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ 2021 മുതൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾ തെരഞ്ഞെടുത്തയാൾ വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ടോ എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഈ അവകാശം മനസിലാക്കി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ വർഷവും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഏറ്റുമാനൂർ മണ്ഡലത്തിലും ഈ രീതി പിന്തുടരുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി 2021 ജൂലൈ 17ന് ആദ്യത്തെ വികസന ശിൽപ്പശാല നടത്തിയിരുന്നു. ഈ ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾകൂടി പരിഗണിച്ചാണ് വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. 2021-2023 കാലയളവിലെ നിർവഹണ പുരോഗതിയുടെ വിശദാംശങ്ങൾ ഉൾപ്പെട്ട റിപ്പോർട്ട് 2023 ജൂലൈയിൽ ജനസമക്ഷം അവതരിപ്പിച്ചിരുന്നു.

സർക്കാർ സംവിധാനങ്ങളെയും വകുപ്പുകളുടെ പ്രവർത്തനവും കാര്യക്ഷമമായി ഏകോപിപ്പിച്ചാണ് സമാനതകളില്ലാത്ത നേട്ടം കൈവരിച്ചതെന്നും കോട്ടയം ജില്ലയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ആദ്യമായി പ്രസിദ്ധീകരിക്കുന്ന മണ്ഡലം ഏറ്റുമാനൂരാണെന്നും അദ്ദേഹം പറഞ്ഞു.




Follow us on :

More in Related News