Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി കടലോര മേഖലയിൽ കിഡ്നി രോഗികൾ കുത്തനെ ഉയരുന്നു. അടിയന്തര സർക്കാർ ഇടപെടൽ ആവശ്യം ; സിപിഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി

08 Mar 2026 21:32 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി

മുനിസിപ്പാലിറ്റിയിലെ കടലോര മേഖലകളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കിഡ്നി രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിച്ചു കൊണ്ടിരിക്കുകയാണ്. ദിവസേന പുതിയ രോഗികൾ കണ്ടെത്തപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. പല കുടുംബങ്ങളിലും ഒരാളിലധികം പേർക്ക് കിഡ്നി സംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തപ്പെടുന്നുവെന്നത് പ്രദേശവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.


ഒരു ചെറിയ പ്രദേശത്ത് ഒരേ സ്വഭാവത്തിലുള്ള ഗുരുതര രോഗങ്ങൾ കൂട്ടത്തോടെ വർധിക്കുന്നത് പൊതുജനാരോഗ്യ മേഖലയിലെ ഗൗരവമായ മുന്നറിയിപ്പായി കണക്കാക്കപ്പെടേണ്ട വിഷയമാണ്. പ്രദേശവാസികൾക്കിടയിൽ ഇതിന്റെ കാരണങ്ങളെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്.

കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭൂഗർഭജലത്തിലെ ലവണാംശം വർധിച്ചത്, പരിസ്ഥിതി മലിനീകരണം, രാസപദാർത്ഥങ്ങളുടെ സാന്നിധ്യം, ഭക്ഷണരീതികളിലെ മാറ്റങ്ങൾ എന്നിവ ഇതിന് പിന്നിലെ സാധ്യതകളായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.


എന്നിരുന്നാലും ഈ വിഷയത്തിൽ ഇതുവരെ സമഗ്രമായ ശാസ്ത്രീയ പഠനമോ ഔദ്യോഗിക അന്വേഷണങ്ങളോ നടന്നിട്ടില്ലെന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണ്. സമയബന്ധിതമായ പഠനവും ഇടപെടലും ഉണ്ടായില്ലെങ്കിൽ ഈ പ്രശ്നം ഭാവിയിൽ വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.


അതുകൊണ്ട് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കടലോര മേഖലകളിൽ ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദഗ്ധർ, പരിസ്ഥിതി ശാസ്ത്രജ്ഞർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തരമായി സമഗ്ര ആരോഗ്യ സർവേയും ശാസ്ത്രീയ പഠനവും നടത്തേണ്ടത് അനിവാര്യമാണ്.

ഈ സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യ മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവരും പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ഭരണസമിതിയും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അന്വേഷണം ആരംഭിക്കണമെന്ന് പരപ്പനങ്ങാടി സിപിഐ ലോക്കൽ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.


രോഗബാധിത പ്രദേശങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും കിഡ്നി രോഗങ്ങളുടെ പ്രാഥമിക പരിശോധനകൾ വ്യാപകമാക്കുകയും ആവശ്യമായവർക്ക് സൗജന്യ ചികിത്സയും ഡയാലിസിസ് സൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ കടലോര മേഖലയിലെ കുടിവെള്ള സ്രോതസുകൾ അടിയന്തരമായി പരിശോധിച്ച് ജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണം.


ആരോഗ്യ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി ദീർഘകാല പ്രതിവിധികൾ നടപ്പിലാക്കേണ്ടതും അത്യാവശ്യമാണ്.

“ഒരു പ്രദേശത്ത് ഇത്തരത്തിൽ കിഡ്നി രോഗികൾ വർധിക്കുന്നത് സാധാരണ സംഭവമല്ല. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയ പഠനം നടത്തി യഥാർത്ഥ കാരണങ്ങൾ കണ്ടെത്തണമെന്ന് സി പി ഐ പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി സകരിയ കേയി ആവശ്യപ്പെട്ടു.


ജനങ്ങളുടെ ആരോഗ്യവും ജീവനും സംബന്ധിക്കുന്ന ഈ ഗൗരവകരമായ വിഷയത്തിൽ സർക്കാർ ഉടൻ ശ്രദ്ധ പതിപ്പിച്ച് ഫലപ്രദമായ നടപടികൾ സ്വീകരികേണ്ടതിന്റ പ്രാധാന്യം മനസ്സിലാക്കി മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എന്നിവർക്ക് സിപിഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി നിവേദനം നൽകി. വളരെ പെട്ടെന്ന് തന്നെ ഈ വിഷയത്തിൽ ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കിഡ്നി രോഗികളുടെ ഒരു ഹബ്ബ് ആയി മാറുമെന്ന് സെക്രട്ടറി സകരിയ കേയി പറഞ്ഞു.

Follow us on :

More in Related News