Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2026 20:54 IST
Share News :
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന് കേരള ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച അടച്ചുപൂട്ടൽ ഉത്തരവിന്റെ (Closure Order) പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസ് സി. ജയചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് യൂണിറ്റ് ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നെങ്കിലും, ആ ഉത്തരവിന് വ്യക്തമായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനമില്ലെന്ന വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്കാരന്റെ ഭാഗത്ത് നിന്ന് ഹാജരാക്കിയ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരിശോധനാ റിപ്പോർട്ടിൽ, പ്ലാന്റിൽ നിന്ന് കോഴിമാലിന്യങ്ങൾ പുറത്തേക്ക് ഒഴുകിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നും, പ്ലാന്റിന് സമീപമുള്ള പുഴയിലും മാലിന്യം ഒഴുകിയെത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
കൂടാതെ, അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ വാദവും കോടതി പരിഗണിച്ചു.
അതേസമയം, സ്ഥാപനത്തിൽ നിന്ന് സമീപത്തെ താമസമേഖലയിലേക്ക് മാലിന്യം ഒഴുകുന്നുണ്ടോയെന്ന് അടിയന്തരമായി വീണ്ടും പരിശോധിക്കാൻ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിലെ പരിസ്ഥിതി എൻജിനീയർക്കും ജില്ലാ ഭരണകൂടം നാമനിർദേശം ചെയ്യുന്ന ഉദ്യോഗസ്ഥനും സംയുക്ത പരിശോധന നടത്താൻ കോടതി നിർദേശം നൽകി. പരിശോധനാ റിപ്പോർട്ട് അടുത്ത ഹിയറിംഗ് തീയതിക്ക് മുമ്പ് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് ഓഗസ്റ്റ് 13-ന് വീണ്ടും പരിഗണിക്കും.
Follow us on :
Tags:
More in Related News
Please select your location.