Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് കനത്ത മഴ, പലയിടത്തും ഉരുള്‍പൊട്ടല്‍, 3 മരണം; 9 ജില്ലകളില്‍ അവധി

01 Aug 2026 08:36 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുണ്ടായി. മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മണക്കാട്ട് ജോസഫിൻ ജോണി (24) മരിച്ചു. മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുന്നു.



ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. കൊക്കയാര്‍ ചപ്പാത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വണ്ടിപ്പെരിയാറ്റില്‍ തോട് കരകവിഞ്ഞു. കെ കെ റോഡ് വെള്ളത്തിലായി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.


അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇടത്തരം ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പല ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Follow us on :

More in Related News