Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 23:09 IST
Share News :
മലപ്പുറം : സതേണ്‍ റെയില്‍വേക്ക് കീഴില്‍ പാലക്കാട് ഡിവിഷനില്‍ ഉൾപ്പെടുന്ന മംഗലാപുരം മുതൽ കേരള അതിർത്തിയിലെ ഉള്ളാൾ വരെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റ് റെയിൽവേ ഡിവിഷൻ മൈസൂരുവിന്റെ ഭാഗമാക്കി മാറ്റിയ റെയിൽവേ ബോർഡിൻറെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെൻററി പാർട്ടി ലീഡറുമായ ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വർഷങ്ങളായി പാലക്കാട് ഡിവിഷന്റെ പ്രധാന ഭാഗമായി പ്രവർത്തിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഈ ഭാഗങ്ങൾ ഒറ്റയടിക്ക് മറ്റൊരു ഡിവിഷനിലേക്ക് മാറ്റിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. മലയാളികൾ ഏറെ ആശ്രയിക്കുന്ന പ്രദേശമാണ് മംഗലാപുരം. തുറമുഖം, വിമാനത്താവളം ഉൾപ്പെടെയുള്ള മർമ്മപ്രധാനമായ സ്ഥാപനങ്ങളിൽ നിന്നുള്ള കണക്ടിവിറ്റി കുറവിനും അതുവഴി വലിയ തോതിലെ വരുമാന നഷ്ടത്തിനും ഈ നടപടി ഇടയാക്കും. നേരത്തെ സേലം ഡിവിഷൻ രൂപീകരിച്ചതോടെ പാലക്കാട് ഡിവിഷന്റെ കിലോമീറ്റർ ശ്രേണിയിൽ വലിയ തോതിൽ കുറവ് സംഭവിച്ചിരുന്നു. പുതിയ നടപടിയോടെ മംഗലാപുരത്തു നിന്ന് കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസിന് ഉൾപ്പെടെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ജീവനക്കാരുടെ പാറ്റേൺ, റെയിൽവേ സ്വത്തുക്കളുടെ വിന്യാസം, ഭാവിയിലേക്കുള്ള എല്ലാ പുരോഗമന പ്രവർത്തനങ്ങൾ എന്നിവയെ ഈ നടപടി ഏറെ ദുഷ്കരമായി ബാധിക്കും. റെയിൽവേ ഇക്കാര്യത്തിൽ അടിയന്തരമായ പുനപരിശോധന നടത്തേണ്ടതുണ്ട്. മംഗലാപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിലവിലുള്ളത് പോലെ പാലക്കാട് ഡിവിഷനിൽ തന്നെ ഉൾപ്പെടുത്തി മുന്നോട്ടു പോകണമെന്ന് കാണിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് എംപി കത്ത് നൽകി. ഇക്കാര്യത്തിൽ യോജിച്ച തുടർ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമെന്ന് എന്ന് എംപി പറഞ്ഞു. സർക്കാർ ഇക്കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.