Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതിക്ക് ജാമ്യമില്ല; എയിംസിൽ മാനസിക നില പരിശോധിക്കണമെന്ന ആവശ്യവും തള്ളി സുപ്രീംകോടതി

13 Dec 2024 12:43 IST

Shafeek cn

Share News :

ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. താന്‍ മാനസിക പ്രശ്‌നങ്ങളുളള ആളെന്നായിരുന്നു കോടതിയില്‍ സന്ദീപിന്റെ വാദം. എന്നാല്‍ സന്ദീപിന് മാനസിക പ്രശ്‌നമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെ മറികടക്കാന്‍ എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും കോടതി തള്ളി.


'ജാമ്യത്തിന്റെ കാര്യത്തില്‍ ഉദാര സമീപനമാണ് കോടതി സ്വീകരിക്കുന്നത്', എന്നാല്‍ ഈ കേസില്‍ അതിന് കഴിയില്ലെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതിയുടെ വിധി. സന്ദീപ് ചെയ്ത കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി നിലപാടെടുത്തു. കേസിലെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം ഹൈക്കോടതിയില്‍ പുതിയ അപേക്ഷ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.


നേരത്തെ സന്ദീപിന് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കിയിരുന്ന ആളാണെന്നും സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും കോടതിയില്‍ സംസ്ഥാനം നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. പ്രതി ഒളിവില്‍ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. കൂടാതെ ജാമ്യം നല്‍കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുമെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യ ഹര്‍ജി തളളിയത്.


Follow us on :

More in Related News