Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ കലോത്സവം കോൽക്കളി മത്സരവേദിയിലും കയ്യാങ്കളി.

27 Nov 2024 21:48 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കലഹങ്ങളിൽ തട്ടി ശോഭ മങ്ങി കലാ മാമാങ്കത്തിന്റെ ആദ്യനാൾ. മത്സരാർഥികളുടെ അടിസ്ഥാന സൗകര്യം മുതൽ പ്രകടനത്തിനിടെ ഉണ്ടായ സാങ്കേതിക തടസങ്ങളും സംഘർഷവും മത്സരങ്ങൾ മുടങ്ങാനും തർക്കത്തിനും കലഹങ്ങൾക്കും കാരണമായി. വൈകിട്ട് കോൽക്കളി മത്സരവേദിയിലും കയ്യാങ്കളിയായി. കെ. ആർ ഓഡിറ്റോറിയത്തിൽ നടന്ന കോൽക്കളി മത്സരത്തിൻ്റെ റിസൾട്ട് പ്രഖ്യാപിച്ചശേഷമാണ് കയ്യാങ്കളി നടന്നത്. ജഡ്ജിമാർ പക്ഷപാത പരമായി പെരുമാറി എന്നാരോപിച്ചായിരുന്നു സംഘർഷം. ഹൈസ്കൂൾ വിഭാഗം കോൾ കളി മത്സരത്തിൽ പുതുപ്പള്ളി ഡോൺ ബോസ്കോ ഹയർ സെക്കൻ്ററി സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. മത്സരാർത്ഥികൾക്കാപ്പം സ്റ്റേജിൽ പരിശീലകരും കയറിയിരുന്നുവെന്നും

ഇത് തടയുന്നതിന് സംഘാടകർ ശ്രമിച്ചില്ലെന്നും ആരോപണവും ഉയർന്നിട്ടുണ്ട്. മത്സരത്തിനിടെ ജഡ്ജിമാർഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം മറികടന്ന് ജഡ്ജിമാർ നിരന്തരം ഫോണും ഉപയോഗിച്ചിരുന്നു. അടിപിടിയിലേക്ക് കയ്യാങ്കളി നീങ്ങിയതോടെ ഉടൻ പോലിസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മത്സരത്തിൽ വിധിക്കെതിരെ തെള്ളകം ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അപ്പീലിന് പോയിട്ടുണ്ട്.

രാവിലെ മത്സരങ്ങൾ തുടങ്ങാൻ വൈകിയതും

നിശ്ചയിച്ച വേദികളിൽ നിന്നും മറ്റു വേദികളിലേക്ക് പരിപാടികൾക്ക് മാറ്റം വരുത്തിയതും മത്സരങ്ങൾക്കിടെ അടിക്കടിയുള്ള വൈദ്യുത തടസ്സവും മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനെ ബാധിച്ചു. നാലാം വേദിയായ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഹയര്‍ സെക്കന്‍ഡറി ആണ്‍കുട്ടികളുടെ നാടോടിനൃത്തം 10.30-നാണ് തുടങ്ങിയത്. മത്സരാർഥി കയറിയപ്പോഴേ സ്‌റ്റേജിലിട്ടിരുന്ന മാറ്റ് തെന്നാന്‍ തുടങ്ങി. ഇതോടെ വിദ്യാര്‍ഥിയ്ക്ക് വേദി നിറഞ്ഞ് നൃത്തം അവതരിപ്പിക്കാനായില്ല. പ്രതിഷേധമായതോടെ മത്സരം നിര്‍ത്തിവെച്ചു. സെല്ലോ ടേപ്പ് ഉപയോഗിച്ച് വീണ്ടും മാറ്റ് ഉറപ്പിച്ച് മറ്റൊരു മത്സരാർഥി വേദിയില്‍ കയറിയപ്പോളും മാറ്റ് തകരാറിലാവുകയും ഇടക്കിടെ സൗണ്ട് സിസ്റ്റം നിന്നുപോകുകയുമായിരുന്നു. തുടർന്ന് മത്സരാര്‍ഥികളും രക്ഷിതാക്കളും വീണ്ടും പ്രതിഷേധിച്ചതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് മാറ്റും, സൗണ്ട് സിസ്റ്റവും മാറ്റി സ്ഥാപിച്ച് ഉച്ചയ്ക്ക് 12.30 ഓടെയാണ് മത്സരം പുനരാരംഭിച്ചത്. ആദ്യം മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. നാലാം വേദിയിൽ രാവിലെ ഒമ്പതിന് നടക്കേണ്ടിയിരുന്ന യു.പി വിഭാഗം നാടോടിനൃത്ത മത്സരം ചൊവ്വാഴ്ച രാത്രി വീണ്ടും പുതുക്കിയ മത്സരപ്പട്ടിക പുറത്തുവന്നതോടെ അവസാനത്തേക്ക് മാറ്റപ്പെട്ടു. പകരം ആദ്യം നടന്നത് എച്ച്.എസ്.എസ്. ആണ്‍കുട്ടികളുടെ നാടോടിനൃത്ത മത്സരവും. ഇതൊന്നും അറിയാതെ ദൂരസ്ഥലങ്ങളിൽ നിന്നും വന്ന വിദ്യാര്‍ഥികളില്‍ പലരും പുലര്‍ച്ചെ മുതല്‍ മത്സരത്തില്‍ പങ്കെടുക്കാനായി ഒരുങ്ങി നില്‍ക്കേണ്ടിവന്നു. ചിലര്‍ക്ക് ഒരുങ്ങാനുള്ള സമയവും ലഭിച്ചില്ല. പല വേദികളിലും നിശ്ചയിച്ചിരുന്ന മത്സരയിനങ്ങള്‍ മാറ്റിയതും വിവിധ വിഭാഗങ്ങളായി ഓരോന്നിനും പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ സമയക്രമം തെറ്റിയതും പ്രതിഷേധത്തിനിടയാക്കി. 

അതിരാവിലെ എത്തിയ മത്സരാര്‍ഥികൾ വേദികളിൽ എത്തിയെങ്കിലും  സംഘാടകരാരുംതന്നെ ഇവിടെയുണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. രാവിലെ വേദിയിലെത്തിയ കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ശുചിമുറികളും തുറന്ന് നൽകിയില്ലെന്നും ആവശ്യമായ വളന്റിയർമാരുടെ സേവനവും ലഭ്യമായില്ലെന്നും ആരോപണമുയർന്നിരുന്നു.


Follow us on :

More in Related News