Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി: സംസ്കാര ചടങ്ങുകൾ പൂർത്തിയായി; ഹൃദയവേദനയോടെ പാങ്ങ് ഗ്രാമം

19 Apr 2026 00:19 IST

NewsDelivery

Share News :

ആറ് അധ്യാപകരടക്കം ഒൻപത് പേർക്കും അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ

മലപ്പുറം: വാല്‍പ്പാറ വാഹനദുരന്തത്തില്‍ മരിച്ച ഒമ്പത് പേര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ആറ് അധ്യാപകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കണ്ണീരോടെ നാട് വിട ചൊല്ലി.


ഏഴ് പേരുടെ ഖബറടക്കം വിവിധ മഹല്ലുകളില്‍ പൂര്‍ത്തിയായി. മലപ്പുറം പാങ്ങ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്ന പൊതു ദര്‍ശനത്തില്‍ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാനായി ആയിരങ്ങള്‍ ഒഴുകിയെത്തുന്നതായിരുന്നു കാഴ്ച. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ വിവിധയിടങ്ങളില്‍ പൂര്‍ത്തിയായി. മൂന്നു പള്ളികളിലായാണ് ഏഴു പേര്‍ക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. സ്‌കൂളിലെ പ്രധാനാധ്യാപിക അജിതയുടെ സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്തും ആശയുടേത് കൊളത്തൂരില്‍ വീട്ടുവളപ്പിലുമാണ് നടന്നത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.


പ്രിയപ്പെട്ടവരെ അവസാനനോക്ക് കാണാന്‍ വിങ്ങലോടെ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. മജീദ് മാസ്റ്റര്‍ ഭാര്യ റൂഖിയ എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും അധ്യാപകരായ റംല ഷക്കീല എന്നിവരുടെയും പാചക തൊഴിലാളി സാജിതയുടെയും സംസ്‌കാര ചടങ്ങുകള്‍ പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും സുഹറയുടെയും മകന്‍ ഹിഷാമിന്റെയും ഖബറടക്കം ഈസ്റ്റ് പാങ്ങ് ജുമാ മസ്ജിദിലും നടന്നു. ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍ക്കാണ് പൊതുദര്‍ശനം നടന്ന അമ്പലപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സാക്ഷിയായത്. തങ്ങള്‍ ഏറെ സ്‌നേഹിച്ചിരുന്ന അധ്യാപകരുടെ ചേതനയറ്റ മടങ്ങിവരവില്‍ പാങ്ങ് എല്‍പി സ്‌കൂളിലെ കുരുന്നുകള്‍ കണ്ണീരണിഞ്ഞ കാഴ്ച ഉള്ളുലയ്ക്കുന്നതായിരുന്നു. ഒരു നാടിനെ നയിച്ച അധ്യാപകരെ അവസാന നോക്ക് കാണാന്‍ ഉറ്റവരും നാട്ടുകാരും പൊതുദര്‍ശനം നടക്കുന്ന സ്ഥലത്ത് എത്തി.


പാങ്ങ് പള്ളിപ്പറമ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ഇന്നലെ വൈകിട്ട് 5.20 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകള്‍ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപികയുമായ അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല (52), സുഹറ (43), ആശ (41), അധ്യാപകനായ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ഗവ.എല്‍പി സ്‌കൂളില്‍ നിന്ന് സമീപത്തെ പാങ്ങ് ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന(37) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തില്‍ മരിച്ച അധ്യാപിക സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷം മരിച്ചു.


അപകടത്തില്‍ മരിച്ച പാചകത്തൊഴിലാളിയായ സാജിതയുടെ മകന്‍ ഷഹദീന്‍ മുഹമ്മദ്(11), സ്‌കൂള്‍ ഡ്രൈവര്‍ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫയീസ് (21) എന്നിവരാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അപകടത്തില്‍ മരിച്ച ഷക്കീനയുടെ മകള്‍ മസ്‌നീനെ (10) പൊള്ളാച്ചി ഗവ ആശുപത്രിയില്‍നിന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. മാതാവ് മരിച്ച വിവരം ഷഹദീനെയും മസ്‌നീനെയും അറിയിച്ചിട്ടില്ല. ഷഹദീന്‍ മുഹമ്മദിനെ രാവിലെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റി. നൗഷാദ് അലി, മുഹമ്മദ് ഫയീസ് എന്നിവര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.


പരുക്കേറ്റവരെ കേരളത്തിലേക്കു മാറ്റാനുള്ള സാഹചര്യം പരിശോധിച്ചിരുന്നെങ്കിലും നിലവിലെ സ്ഥിതിയില്‍ യാത്ര വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ കേരളത്തില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തി. വാളയാര്‍ പൊലീസ് സംഘവും ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ട 11 വയസ്സുകാരി മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്‌നീനെ അറിയിച്ചില്ല. തകര്‍ന്ന വാഹനത്തിനുള്ളില്‍നിന്ന് മസ്നീനെ പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി മസ്നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മലപ്പുറം ഡിഎംഒയുടെ നിര്‍ദേശപ്രകാരമാണ് മസ്നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.


കണ്ണീരോര്‍മയായി അവര്‍.....


ഒരു നാട് കണ്ണീര്‍ പുഴയായ കാഴ്ചയായിരുന്നു അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് കണ്ടത്. കണ്ണീരും വിലാപവും നിറഞ്ഞ ഒരു രാത്രി പിന്നിട്ട് പുലര്‍ച്ചെ ആയപ്പോഴേക്കും പാങ്ങ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൈതാനത്തേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. പുലര്‍ച്ചെ വരേ നീണ്ട പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഒന്‍പതു പേരുടെയും ഭൗതികശരീരങ്ങളും വഹിച്ചുള്ള ആംബുലന്‍സുകള്‍ പുറപ്പെട്ടതായി പൊള്ളാച്ചിയില്‍ നിന്ന് വിവരം കിട്ടിയപ്പോള്‍ മുതല്‍ തന്നെ പ്രിയപ്പെട്ടവരെ ഏറ്റുവാങ്ങാനായി നാട് തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ആരും പ്രേരിപ്പിക്കാതെ, ആരുടെയും നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കാതെ ജനക്കൂട്ടം വരിവരിയായി മൈതാനത്തിന്റെ ഓരം ചേര്‍ന്ന് നിന്നു. ഇതിനിടെ, പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ പലരും പലവട്ടം വിതുമ്പി. മലപ്പുറം പാങ്ങിലെ അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് പ്രിയപ്പട്ടവര്‍ക്ക് അവര്‍ വിട ചൊല്ലുന്നത് നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് മലയാളികള്‍ കണ്ടുനിന്നത്. പ്രിയ അധ്യാപകര്‍ക്ക് യാത്രാമൊഴി ഏകാനായി യൂണിഫോമില്‍ എത്തിയ പാങ്ങ് എല്‍ പി സ്‌കൂളിലെ കൊച്ചു കുട്ടികളായിരുന്നു വലിയ സങ്കടക്കാഴ്ച.


ഒന്‍പതു മണിയോടെ ദുരന്തത്തില്‍ മരിച്ച ഒന്‍പത് പേരുടെയും ഭൗതിക ശരീരങ്ങളും വഹിച്ചുള്ള തമിഴ്‌നാട് ഹെല്‍ത്ത് സര്‍വീസിന്റെ ആംബുലന്‍സുകള്‍ സ്‌കൂളിന്റെ പടികടന്നു . അപ്പോഴേക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, പികെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എംഎല്‍എ ഉള്‍പ്പെടെ നിരവധി പ്രമുഖരും പന്തലില്‍ എത്തിയിരുന്നു.ചുട്ടുപൊള്ളുന്ന വെയിലില്‍ ഒന്നരമണിക്കൂറോളം എടുത്താണ് പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.

Follow us on :

More in Related News