Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2025 15:09 IST
Share News :
മലപ്പുറം : ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിലനിന്നുപോകാന്‍ കലാലയങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പുതുതായി നിര്‍മ്മിച്ച പിജി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ മൂല്യമായ മതേതരത്വത്തെ കലാലയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയെ സഹായിക്കേണ്ടവര്‍ തന്നെ അതിനെ പുറകോട്ട് അടിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിനെ നോക്കുകുത്തിയാക്കി മാറ്റുന്ന പ്രവണതയെ നാം ചെറുത്തു തോല്‍പ്പിക്കണം - മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ മുന്‍ഗണനാ മേഖലയായ ഉന്നത വിദ്യാഭ്യാസരംഗത്ത് 6000 കോടിയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 1500 കോടിയുടെ പദ്ധതികള്‍ കിഫ്ബി വഴിയും നടപ്പിലാക്കി. ഈ തുക വഴി അക്കാദമിക സമുച്ചയങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍, ലാബുകള്‍, ലൈബ്രറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു.
സര്‍വ്വകലാശാലകളില്‍ 250 കോടിയുടെ വികസനമാണ് നടപ്പിലാക്കിയത്. റൂസാ പദ്ധതി പ്രകാരം 518 കോടി രൂപയുടെ വികസന പദ്ധതികളും നടന്നിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ കലാലയങ്ങളില്‍ നടക്കണമെങ്കില്‍ കലാലയ സമൂഹത്തിന്റെ നിതാന്ത ജാഗ്രത ആവശ്യമാണ്. കലാലയരംഗത്ത് അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, സമഗ്രവും സമൂലവും ആയ മാറ്റമാണ് നാലുവര്‍ഷ ബിരുദ പദ്ധതി നടപ്പിലാക്കിയതോടെ സംഭവിച്ചത്. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ പാഠനരീതിയോടൊപ്പം തൊഴില്‍ നൈപുണ്യവും ഗവേഷണ മികവുമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. നൂതനമായ ആശയങ്ങള്‍ കണ്ടെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു മുതല്‍ 25 ലക്ഷം വരെ സഹായം നല്‍കുന്ന യങ് ഇന്നോവേറ്റീവ് പ്രോഗ്രാം, തൊഴിലിനായി അവരെ സജ്ജമാക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ്, കണക്ട് കരിയര്‍ തുടങ്ങിയ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ കലാലയങ്ങളില്‍ നടപ്പിലാക്കി വരുന്നത്. നവകേരള സദസ്സു വഴി കോളേജിന് അനുവദിച്ചു കിട്ടിയ അഞ്ചു കോടിയോടൊപ്പം വികസനത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.