Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈലൈറ്റ് സൈബർ ടവറിന് ശിലാസ്ഥാപനം; കോഴിക്കോട് പ്രധാന ഐടി കേന്ദ്രമാകുമെന്ന് മുഖ്യമന്ത്രി

04 Oct 2026 07:43 IST

NewsDelivery

Share News :

കോഴിക്കോട്: മലബാറിന്റെ വിവരസാങ്കേതിക മേഖലയ്ക്ക് പുത്തൻ ഉണർവേകുന്ന ഹൈലൈറ്റ് ഗ്രൂപ്പിന്റെ അത്യാധുനിക ഐടി ഹബ്ബ് 'ഹൈലൈറ്റ് സൈബർ ടവറി'ന്റെ ശിലാസ്ഥാപന കർമ്മം കോഴിക്കോട് സൈബർപാർക്കിൽ മുഖ്യമന്ത്രി നിർവഹിച്ചു. 600 കോടി രൂപയുടെ നിക്ഷേപത്തിൽ ഒരുങ്ങുന്ന ഗ്രേഡ്-എ വാണിജ്യ സമുച്ചയം വഴി പതിനായിരത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സൈബർപാർക്കിലെ രണ്ടരയേക്കർ സ്ഥലത്ത് 9 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ഈ ആധുനിക ഐടി സമുച്ചയം ഉയരുന്നത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തുടനീളം 1.2 കോടി ചതുരശ്രയടി ഓഫീസ് സ്പേസ് വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ ബൃഹത് പദ്ധതിയുടെ ഭാഗമാണിത്.

2030-ഓടെ 2 ലക്ഷം തൊഴിലവസരങ്ങൾ: മുഖ്യമന്ത്രി

പുതിയ സാങ്കേതികവിദ്യകൾക്കും നൂതനാശയങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് കേരളത്തിന്റെ വികസനത്തെ നവീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 2030-ഓടെ സംസ്ഥാനത്ത് പൂർത്തിയാകുന്ന 5 കോടി ചതുരശ്രയടി വികസന പദ്ധതികളിലൂടെ ഏകദേശം 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. തിരുവനന്തപുരത്തിനും കൊച്ചിക്കും തുല്യമായി കോഴിക്കോടിനെയും സംസ്ഥാനത്തെ പ്രധാന ഐടി ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഗ്രേഡ്-എ സംരംഭങ്ങൾക്ക് കേരളത്തിലെ പ്രതിഭാശേഷിയുള്ള യുവജനങ്ങളെ ആഗോളതലത്തിൽ അടയാളപ്പെടുത്താൻ സാധിക്കുമെന്നും, നാടിന്റെ വളർച്ചയ്ക്കായി മുന്നോട്ടുവരുന്ന നിക്ഷേപകർക്കും സംരംഭകർക്കും സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് ആഗോള ഐടി കേന്ദ്രമാകും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരത്തെ ടെക്നോപാർക്കും കൊച്ചിയിലെ ഇൻഫോപാർക്കും പോലെ കേരളത്തിന്റെ അടുത്ത വലിയ ഐടി ലക്ഷ്യസ്ഥാനമായി കോഴിക്കോട് അതിവേഗം വളരുമെന്ന് വ്യവസായ-ഐടി-എഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം വൻകിട പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ പ്രമുഖ ഡെവലപ്പർമാരും നിക്ഷേപകരും കോഴിക്കോട്ടേക്ക് ആകർഷിക്കപ്പെടുമെന്നും നൂറ്റാണ്ടുകളുടെ വ്യാപാര പാരമ്പര്യമുള്ള കോഴിക്കോടിനെ ആഗോള ഐടി-വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള എല്ലാ പിന്തുണയും വ്യവസായ വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അത്യാധുനിക സൗകര്യങ്ങളോടെ രണ്ട് വർഷത്തിനകം പൂർത്തിയാകും

പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ (MNCs), അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകൾ, നൂതന ഗവേഷണ-വികസന (R&D) കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമിട്ടാണ് ഹൈലൈറ്റ് സൈബർ ടവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂർണ്ണമായും ഹരിത മാനദണ്ഡങ്ങൾ പാലിച്ച്, സ്മാർട്ട്-ഊർജ്ജക്ഷമതയുള്ള സാങ്കേതികവിദ്യകളോടെയാണ് 28 നിലകളുള്ള ഈ സമുച്ചയം പണിയുന്നത്. രണ്ടു വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പ്രൊജക്റ്റ്, പൂർത്തിയാകുന്നതിന് മുൻപുതന്നെ പ്രീ-റിലീസ് ചെയ്യും.

ആഗോള പ്രതിഭകളെയും സംരംഭങ്ങളെയും ആകർഷിക്കുന്നതിനൊപ്പം കേരളത്തിലെ യുവതലമുറയ്ക്ക് ഇവിടെത്തന്നെ മികച്ച കരിയർ കെട്ടിപ്പടുക്കാനുള്ള അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു. ലോകോത്തര ബിസിനസുകൾക്ക് വളരാനുള്ള മികച്ച ആവാസവ്യവസ്ഥയാണ് ഈ പദ്ധതിയിലൂടെ ഒരുക്കുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദും വ്യക്തമാക്കി. ചടങ്ങിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ, എം.കെ. രാഘവൻ എം.പി, എംഎൽഎമാരായ കെ. പ്രവീൺ കുമാർ, എം.എ. റസാഖ് മാസ്റ്റർ, ഫൈസൽ ബാബു, കെ. ജയന്ത്, പി.എം.എ. സമീർ, ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ്, ഇൻഫോപാർക്ക്-സൈബർപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, സ്ഥപതി ആർക്കിടെക്ട്സ് പ്രിൻസിപ്പൽ പാർട്ണർ ടോണി ജോസഫ് തുടങ്ങിയവരും ഹൈലൈറ്റ് ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു.

Malabar IT Boom: HiLITE Cyber Tower Launched in Kozhikode | 10,000 Jobs

Follow us on :

More in Related News