Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലിന് അലാറം മുഴങ്ങും; പരിഭ്രാന്തരാകേണ്ട: കോട്ടയം ജില്ലയിൽ നാല് മുതൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ

07 May 2025 14:46 IST

CN Remya

Share News :

കോട്ടയം: കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ജില്ലയിൽ ബുധനാഴ്ച വൈകിട്ട് നാലിന് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കും. കൃത്യം നാലുമണിക്ക് 30 സെക്കൻഡ് ദൈർഘ്യമുള്ള അലാറം മൂന്നുതവണ മുഴുങ്ങും. ജില്ലയിൽ ദുരന്തനിവാരണ അതോറിട്ടിയുടെ സൈറണുകൾ സ്ഥാപിച്ചിട്ടുള്ള അഞ്ചിടങ്ങളിലും നഗരസഭകളിലേയും അലാറം മുഴങ്ങും. സൈറണുകൾ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളുടെ അനൗൺസ്‌മെന്റ് സംവിധാനം ഉപയോഗിച്ച് സൈറൺ മുഴക്കാൻ നിർദേശമുണ്ട്.  

സൈറൺ ശബ്ദം കേൾക്കുന്ന ഇടങ്ങളിലും കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും. അലേർട്ട് സയറൺ ശബ്ദവും (Alert), സുരക്ഷിതം (All Clear) എന്ന സയറൺ ശബ്ദവും ചേർന്നു മുഴങ്ങുന്നതോടെ മോക്ഡ്രിൽ പൂർത്തിയാകും. പരിഭ്രാന്തരാകരുതെന്നും മോക്ഡ്രിൽ പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ച് ജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമവുൽ അഭ്യർഥിച്ചു.

മോക്ഡ്രില്ലുമായി ബന്ധപ്പെട്ടു കളക്്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ജിലലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്്, സബ് കളക്ടർ ഡി. രഞ്ജിത്ത്്, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.


കമ്മ്യൂണിറ്റി തല ഇടപെടലുകൾ


1. റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.

2. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദേശങ്ങൾ എത്തിക്കുക.

3. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.

4. വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക.

5. സ്‌കൂളുകളിലും, ബേസ്‌മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക.

6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.


ഗാർഹികതല ഇടപെടലുകൾ


7. മോക്ക് ഡ്രിൽ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

8. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9. ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.

10. 2025 മേയ് ഏഴിന് 4 മണിക്ക് സൈറൺ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.

11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.

12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു ''ഫാമിലി ഡ്രിൽ'' നടത്തുക.

14. സൈറൻ സിഗ്‌നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.  

16. ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

17. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.

18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

Follow us on :

More in Related News