Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2026 20:56 IST
Share News :
കടുത്തുരുത്തി: സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ടതല്ല, അതിനെ നേരിട്ട് തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി
സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ട രോഗമല്ലെന്നും നേരിട്ട് തോൽപ്പിക്കേണ്ടതാണെന്നും അതിനായി എല്ലാ പിന്തുണയും ഉറപ്പാക്കി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ പിങ്കത്തോൺ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്തനാർബുദമാണ്. സംസ്ഥാനത്ത് ഒൻപത് സ്ത്രീകളിൽ ഒരാൾക്ക് ഈ രോഗം വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ പോലും ഭയം കൊണ്ടോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയോ പലരും അത് മറച്ചുവെക്കാൻ ശ്രമിക്കുന്നു. എന്നാൽ രോഗം ആരംഭത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയുന്നതാണെന്ന സന്ദേശം ഓരോരുത്തരിലും എത്തിക്കുക എന്നത് പ്രധാനമാണ്.
സംസ്ഥാനത്ത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് നടപ്പിലാക്കിയിട്ടുള്ള സംവിധാനങ്ങൾ സുശക്തമാണ്. സമഗ്ര ക്യാൻസർ നിയന്ത്രണ പദ്ധതിയിലൂടെ ക്യാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനം നടത്തിയിട്ടുള്ളത്. കുടുംബ ചരിത്രത്തിൽ ക്യാൻസർ ഉള്ളവർക്കും 30 വയസ്സ് കഴിഞ്ഞവർക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി സ്‌ക്രീനിംഗ് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന ക്യാമ്പയിനിലൂടെ ഒരു വർഷം കൊണ്ട് 21 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
ആർ.സി.സി, മലബാർ ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ എന്നിവയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും താലൂക്ക് ആശുപത്രികളിൽ വരെ കീമോതെറാപ്പി സൗകര്യം എത്തിക്കുകയും ചെയ്തു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ സൗജന്യ ചികിത്സയും, 'കാരുണ്യ സ്പർശം' വഴി കുറഞ്ഞ വിലയിൽ മരുന്നുകളും ലഭ്യമാക്കുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗർഭാശയ ക്യാൻസറിന് പ്രതിരോധ വാക്‌സിൻ നൽകുന്ന പദ്ധതിക്കും തുടക്കമിട്ടു.
സ്തനാർബുദത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവർ മറ്റുള്ളവർക്ക് വലിയ പ്രചോദനമാണ്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകുന്ന ഇത്തരം ബോധവൽക്കരണ ക്യാമ്പയിനുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ഒരു മികച്ച ക്യാൻസർ ചികിത്സാ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി വികേന്ദ്രീകൃത കീമോതെറാപ്പി സംവിധാനങ്ങളും 14 ജില്ലകളിലും ജില്ലാ ക്യാൻസർ പ്രോഗ്രാമുകളും നടപ്പിലാക്കി വരുന്നു. കേരളത്തിലുടനീളം ഒരു 'ക്യാൻസർ ഗ്രിഡ്' രൂപീകരിക്കുകയും ലാബ് നെറ്റ്‌വർക്കുകൾ സജ്ജമാക്കുകയും ചെയ്തു. കൂടാതെ, സംസ്ഥാനത്തെ 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സ്തനാർബുദ പരിശോധന ഉൾപ്പെടെയുള്ള സ്‌ക്രീനിംഗ് സൗകര്യങ്ങൾ അവിടെ ലഭ്യമാണ്. ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സ്‌ക്രീനിംഗിൽ 21 ലക്ഷം ആളുകളെ പരിശോധിച്ചതിൽ നിന്നും 290 പുതിയ സ്തനാർബുദ കേസുകളും മുന്നൂറോളം പ്രീ-ക്യാൻസർ കേസുകളും കണ്ടെത്താൻ സാധിച്ചു. രോഗം നേരത്തെ കണ്ടെത്തുന്നത് വഴി പൂർണ്ണമായി ഭേദമാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ഇതിനായി ആരോഗ്യ പ്രവർത്തകർക്കും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.