Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2026 13:13 IST
Share News :
കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദമായ അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ട് കൊച്ചിയിലെ സി.ബി.ഐ കോടതി. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 18 പേരെ വെറുതെ വിട്ടു. പി. ജയരാജനും ടി.വി. രാജേഷിനുമെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വിലയിരുത്തൽ. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ് എന്നിവരടക്കം 13 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞിട്ടുണ്ട്.
23 വയസ്സുകാരനായ അബ്ദുൽ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചശേഷം ഫോട്ടോ എടുത്ത് ആളെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പാർട്ടി കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകം നടന്നതെന്ന ആരോപണവും കേസിനെ രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാക്കി.
2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് അരിയിൽ പ്രദേശത്ത് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്.
വൈകിട്ട് 4.30ഓടെ ചുള്ളിയോട്ട് വയൽ വരമ്പിലാണ് കുത്തേറ്റ നിലയിൽ ഷുക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തായിരുന്നു മരണകാരണം. ജയരാജന്റെ വാഹനം ആക്രമിച്ച സംഘത്തിൽ ഷുക്കൂർ ഉണ്ടായിരുന്നില്ലെന്നാണ് കേസിലെ സാക്ഷിമൊഴികളിൽ വ്യക്തമായത്.
സംഭവദിവസം വള്ളുവൻകടവ് കടന്ന് അരിയിലേക്ക് വരികയായിരുന്ന ഷുക്കൂറിനെയും സുഹൃത്തുക്കളായ സക്കറിയ, അബ്ദുൽ സലാം, അയൂബ്, ഹിരിസ് എന്നിവരെയും ഒരു സംഘം പിന്തുടർന്നതായാണ് പ്രോസിക്യൂഷൻ കേസ്. ഭയന്ന് ഇവർ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. എന്നാൽ സംഘം വീട് വളഞ്ഞ് അകത്തുകയറി ഷുക്കൂറിന്റെ ഫോട്ടോ എടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം മുറിയിലുണ്ടായിരുന്ന എ.വി. ബാബുവിന് അയച്ചുനൽകിയെന്നും ഷുക്കൂറിനെ തിരിച്ചറിഞ്ഞശേഷം കൊലപാതകം നടത്തിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ സക്കറിയക്കൊപ്പം ഷുക്കൂറിനെ വീടിന് മുന്നിലെ പാടത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവസ്ഥലത്തുനിന്ന് സക്കറിയ രക്ഷപ്പെട്ടതായും അന്വേഷണ റിപ്പോർട്ടിലുണ്ട്.
സി.പി.എം പ്രാദേശിക നേതാക്കളടക്കം 29 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി കേസിൽ പ്രതികളായത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പ് പ്രകാരം പി. ജയരാജൻ, ടി.വി. രാജേഷ്, അന്തരിച്ച എ.വി. ബാബു, യു.വി. വേണു തുടങ്ങിയവരെയും പ്രതികളാക്കിയിരുന്നു. കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യം നടക്കുമെന്ന് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നതായിരുന്നു ഇവർക്കെതിരായ ആരോപണം.
അന്വേഷണത്തിനിടെ പ്രതികളെ കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണവുമായി സി.പി.എമ്മും പൊലീസും പലതവണ ഏറ്റുമുട്ടിയിരുന്നു. കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന ഷുക്കൂറിന്റെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് മാതാവ് ആസിഫ ഉമ്മയുടെ ഹർജിയിലാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
സി.ബി.ഐ അന്വേഷണത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പിന് പകരം 120 ബി പ്രകാരമുള്ള ഗൂഢാലോചനക്കുറ്റം ഉൾപ്പെടുത്തി അധിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വിധിയിൽ വ്യക്തമാകുന്നത്.
രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ കേസിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും കുറ്റവിമുക്തരാക്കിയ കോടതി വിധി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കും.
Follow us on :
Tags:
More in Related News
Please select your location.