Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 08:47 IST
Share News :
വെബ്ഡെസ്ക്/ തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥി എണ്ണത്തിൽ ഇത്തവണ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തി. സ്കൂൾ തുറന്ന് ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ പ്രകാരം സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ ഉൾപ്പെടുന്ന പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 1,31,368 വിദ്യാർഥികളുടെ കുറവ് ഉണ്ടായതായി കണ്ടെത്തി.
2025-26 അധ്യയനവർഷത്തിൽ പൊതുവിദ്യാലയങ്ങളിലായി 31,61,989 വിദ്യാർഥികളുണ്ടായിരുന്നപ്പോൾ, ഈ വർഷം അത് 30,30,621 ആയി കുറഞ്ഞു. അതേസമയം, അൺ എയ്ഡഡ് സ്കൂളുകളിൽ 7,860 വിദ്യാർഥികളുടെ വർധന രേഖപ്പെടുത്തി.
ഈ വർഷം ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അധ്യയനവർഷത്തിൽ 2,82,339 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ, ഇത്തവണ അത് 2,50,858 ആയി. ഇതോടെ 31,481 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി.
എയ്ഡഡ് സ്കൂളുകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മൂന്നാം ക്ലാസിലും പത്താം ക്ലാസിലും മാത്രമാണ് വിദ്യാർഥി വർധന ഉണ്ടായത്. മൂന്നാം ക്ലാസിൽ 2,109 കുട്ടികളും, പത്താം ക്ലാസിൽ 4,803 കുട്ടികളും അധികമായി ചേർന്നു.
സർക്കാർ സ്കൂളുകളിൽ പത്താം ക്ലാസിൽ മാത്രം 939 വിദ്യാർഥികളുടെ വർധന രേഖപ്പെടുത്തി. മറ്റ് ക്ലാസുകളിലാകട്ടെ മുൻവർഷത്തെ അപേക്ഷിച്ച് കുറവാണ്.
അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം, രണ്ടാം, അഞ്ചാം ക്ലാസുകൾ ഒഴികെയുള്ള മിക്ക ക്ലാസുകളിലും വിദ്യാർഥി എണ്ണം വർധിച്ചു. ഇതാണ് അൺ എയ്ഡഡ് മേഖലയിലെ ആകെ പ്രവേശന വർധനയ്ക്ക് പ്രധാന കാരണമായതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ജനനനിരക്കിലെ കുറവ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വർധിച്ച താൽപര്യം, കുടിയേറ്റം തുടങ്ങിയ ഘടകങ്ങൾ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥി എണ്ണത്തെ ബാധിച്ചേക്കാമെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. വരും വർഷങ്ങളിലെ പ്രവേശന കണക്കുകൾ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നിർണായക സൂചനകളായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.